ന്യൂഡൽഹി: കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ശശി തരൂർ രംഗത്തെത്തി. യു.പിയിൽ നിന്നുള്ള വോട്ടുകൾ റദ്ദാക്കണമെന്നും ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകൾ ഉണ്ടെന്ന് തരൂർ ടീം ആരോപിച്ചു.ഉത്തർപ്രദേശിലെ എല്ലാ വോട്ടുകളും അസാധുവായി കണക്കാക്കണമെന്നാണ് തരൂർ പക്ഷത്തിന്റെ ആവശ്യം.
‘ഞങ്ങൾ മധുസൂദനൻ മിസ്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തി, വിവിധ വിഷയങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്, ഇപ്പോൾ അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ല’ -തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റായ സൽമാൻ അനീസ് സോസ് പറഞ്ഞു. അതേ സമയം യുപിയിലെ ക്രമക്കേട് സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെയ്ക്ക് അറിയാമെന്നതിന് തങ്ങളുടെ പക്കൽ തെളിവില്ലെന്നും തരൂർ മിസ്ത്രിക്കയച്ച കത്തിൽ പറയുന്നുണ്ട്. അദ്ദേഹത്തിന് ഇത്തരമൊരു കാര്യം അറിയുമായിരുന്നെങ്കിൽ ഖാർഗെ അതിന് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും കത്തിൽ പറയുന്നു.
ബാലറ്റ് പെട്ടികളിലെ അനൗദ്യോഗിക മുദ്രകൾ, പോളിംഗ് ബൂത്തുകളിലെ ഔദ്യോഗികകമല്ലാത്ത ആളുകളുടെ സാന്നിധ്യം, വോട്ടിംഗ് അപാകത തുടങ്ങിയ പ്രശ്നങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. തെളിവുകളായി ഇതിന്റെ ചിത്രങ്ങളും തരൂർ ടീം കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.