ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ദിശ തേടുന്ന കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരെന്ന് ഉടൻ അറിയാം. 24 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു അധ്യക്ഷന്‍ വരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണോ ശശി തരൂരാണോ നായകനെന്നതാണ് ഉറ്റുനോക്കുന്നത്. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
രാവിലെ പത്തുമണിയോടെ ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. 68 ബാലറ്റ് പെട്ടികളിലെ 9,497 വോട്ടുകളാണ് എണ്ണാനുള്ളത്. ഇത് നൂറ് ബാലറ്റ് പേപ്പറുകൾ വീതമുള്ള കെട്ടുകളാക്കിയാണ് എണ്ണുന്നത്. ഫലം ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.ആകെ 9915 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 9497 പേർ വോട്ട് രേഖപ്പെടുത്തി.
കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് ആറാം തവണ നടന്ന തിരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടന്നത്. ഗൗരവ് ഗൊഗോയ് ആണ് ഖാര്‍ഗെയുടെ കൗണ്ടിങ് ഏജന്റ്. ഗാന്ധി കുടുംബത്തിന്റെയും മുതിര്‍ന്ന നേതാക്കളുടെയുമെല്ലാം അനൗദ്യോഗിക പിന്തുണയുള്ള ഖാര്‍ഗെ ജയിക്കാനാണ് സാധ്യത. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കലും ആശയപരമായി നവീകരിക്കലും തിരഞ്ഞെടുപ്പ് ജയിക്കുന്നതുമടക്കമുള്ള വന്‍വെല്ലുവിളികളാണ് പുതിയ അധ്യക്ഷന് മുന്നിലുള്ളത്.
പി.സി.സി. ആസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയിലുമായി സജ്ജീകരിച്ച 68 പോളിങ് ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പെട്ടികള്‍ ചൊവ്വാഴ്ച വൈകീട്ടോടെ എ.ഐ.സി.സി. ആസ്ഥാനത്തെത്തിച്ചിരുന്നു. എ.ഐ.സി.സി.യിലെ ബാലറ്റുപെട്ടിയും ചേര്‍ത്ത് ഇവ സ്‌ട്രോങ് റൂമില്‍ മുദ്രവച്ചു. ഇന്ന് രാവിലെ പുറത്തെടുത്ത് എല്ലാ പെട്ടിയിലെയും ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണല്‍ ആരംഭിച്ചത്.
അതേസമയം, മല്ലികാർജുൻ ഖാർഗെയ്ക്ക് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടുക്കുന്നിൽ സുരേഷും പ്രതികരിച്ചു. ഭൂരിപക്ഷം എത്രയാണെന്ന് മാത്രമാണ് അറിയാനുള്ളതെന്ന് തരൂരിനെ പാർട്ടി അവഗണിച്ചിട്ടില്ലെന്നും കൊടുക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
Discussion about this post