ലയണൽ മെസിയെക്കുറിച്ച് സംബന്ധിച്ച എല്ലാ കാര്യങ്ങളും മനപാഠമാക്കിയവരാണ് ഫുട്ബോൾ ആരാധകർ.
പക്ഷേ,മെസിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമേതാണാണെന്ന് ചോദിച്ചാൽ പലരും ഒന്നു കുഴങ്ങും. മെക്സിക്കൻ വിഭവമായ മിലനീസിയ നെപ്പോളിറ്റാനയാണ് Milanesa Napolitana മെസിക്ക് ഇഷ്ടം. പന്നിയിറച്ചി കഷ്ണം അഥവാ ഹാം ആണിതിലെ പ്രധാന ചേരുവ. വറുത്ത ബീഫ് കഷ്ണം, ഉപ്പ്, ഒറിഗാനോ, അരിഞ്ഞ തക്കാളി, സവാള, ചീസ്, മേമ്പൊടിക്ക് ഒരല്പം പഞ്ചസാരയും ചേർത്താൽ മിലനീസിയ നെപ്പോളിറ്റാനയായി.
മെസിക്ക് ഭക്ഷണകാര്യത്തിൽ കുട്ടിക്കാലത്തേ ചില നിബന്ധനകളുണ്ടെന്ന് അദ്ദേഹത്തിന്റെ അമ്മ പറയാറുണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണത്തോട് മെസിക്ക് പണ്ടേ താത്പര്യം കുറവാണ്. ഷ്ൻറ്റ്സെൽ Schnitzel എന്ന് വിളിക്കുന്ന പൊരിച്ച ഇറച്ചിക്കഷണം കിട്ടിയാൽ മെസി ഹാപ്പിയാകും. കുതിരയുടെയോ പന്നിയുടെയോ മാംസം അല്ല. മറിച്ച് ചിക്കൻ കൊണ്ടുള്ള Schnitzel ആണ് മെസിയുടെ ഫേവറിറ്റ്. കുരുമുളകും തക്കാളിയും സവാളയും ഒറിഗാനോയും ചേർത്തുണ്ടാക്കിയ സോസിൽ മുക്കിയ ചിക്കനും മെസിയുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ്.
വർഷങ്ങൾക്ക് മുമ്പ് മെസ്സി ധാരാളം സോഫ്റ്റ് ഡ്രിങ്കുകളും തെക്കേ അമേരിക്കയിൽ ലഭിക്കുന്ന ബിസ്കറ്റുകളുമൊക്കെ ധാരാളം കഴിച്ചിരുന്നു. പ്രൊഫഷണൽ ഫുട്ബോളർ ആയതോടെ മെസ്സി തന്റെ ഭക്ഷണക്രമത്തിൽ മാറ്റംവരുത്തി. 2014ൽ തനിക്കായി പ്രത്യേകം ഡയറ്റീഷ്യനെ അദ്ദേഹം നിയമിച്ചു. ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം പഞ്ചസാര കലർന്ന പാനീയങ്ങളും ബിസ്കറ്റുകളും കഴിക്കുന്നത് താരം നിറുത്തി.നിലവിൽ മെസ്സിയുടെ ഡയറ്റ് പ്ളാൻ വളരെ ലളിതവും ആരോഗ്യകരവുമാണ്. പഴങ്ങൾ, ചായ, ഗുണമേന്മയുള്ള ഒലിവ് ഓയിൽ, മീൻ, വെജിറ്റബിൾ സൂപ്പ്, നട്സ്, സീഡ്സ് ഒപ്പം ലിറ്ററുകണക്കിന് വെള്ളവും അടങ്ങിയതാണ് മെസിയുടെ നിത്യഭക്ഷണം. പിസ്സയും പാസ്തയും ഇഷ്ടമുള്ള മെസ്സി ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരം മത്സര സമയങ്ങളിൽ അതൊക്കെ കഴിക്കുന്നത് അവസാനിപ്പിച്ചു. ഫിറ്റ്നസും എനർജി ലെവലും നിലനിറുത്താൻ ഇത് അത്യാവശ്യമാണ്.ഇടയ്ക്ക് ഒരു ഗ്ളാസ് വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്ന മെസ്സി, മത്സര സമയത്ത് ആ ആഗ്രഹവും പൂട്ടിക്കെട്ടും. കുറച്ചധികം വെള്ളും കുടിച്ച് ശരീരത്തെ കാര്യക്ഷമമാക്കും.
ബാഴ്സലോണയ്ക്ക് ഒപ്പമായിരിക്കെ മെസ്സി ദിവസവും പച്ചക്കറി ചേർത്ത് റോസ്റ്റ് ചെയ്ത ചിക്കൻ കഴിക്കുമായിരുന്നു. നാല് ചിക്കൻ കാലുകളെടുത്ത് ചതച്ച വെളുത്തുള്ളിയും അരിഞ്ഞ കാരറ്റും സവാളയും ഉരുളക്കിഴങ്ങും ചേർത്ത് ഒലിവ് ഓയിലൊഴിച്ച് ഫ്രഷ് thyme ഉം ഉപ്പും ചേർത്ത് നേരത്തെ ചൂടാക്കിയ ഓവനിൽ പൊരിച്ചെടുക്കും. 190 ഡിഗ്രിയിൽ 45 മിനിട്ടോളം റോസ്റ്റ് ചെയ്താണ് ഇത് തയ്യാറാക്കുന്നത്.ചൂടോടെ ഈ വിഭവം എല്ലാദിവസവും കഴിക്കാനും മെസി തയ്യാറാണ്.
എത്ര കഴിച്ചാലും മടുപ്പ് തോന്നില്ല. അത്രമാത്രം ലിയോയ്ക്ക് പ്രിയപ്പെട്ട വിഭവമാണിത്.
Discussion about this post