അല്പം വൈകിയെങ്കിലും തേടിയെത്തി; ബാലൻ ദി ഓർ പുരസ്കാരം കരിം ബെൻസേമയ്ക്ക്

ബാലണ്‍ ദി ഓർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരം

പാരീസ്: അല്പം വൈകിയെങ്കിലും മികച്ച ഫുട്ബോൾ താരത്തിനുള്ള ഇക്കൊല്ലത്തെ ബാലൺ ദി ഓർ പുരസ്കാരത്തിന് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ അർഹനായി. കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് ബെൻസേമയുടെ പുരസ്കാര നേട്ടത്തിന് വഴിയൊരുക്കിയത്.  മികച്ച ഫുട്‌ബോൾതാരത്തിനുള്ള ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോൾ നൽകുന്ന പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് അദ്ദേഹം.

ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, എർലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരെ പിന്തള്ളിയാണ് ബെൻസേമ പുരസ്‌കാരം സ്വന്തമാക്കിയത്. റയലിനെ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ബെൻസേമയായിരുന്നു.

ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം.മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ബാഴ്സലോണയുടെ ഗാവിക്ക് ലഭിച്ചു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം റയൽ മാഡ്രിഡിന്റെ തിബോ കുർട്ടോ സ്വന്തമാക്കി. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്‌കാരം ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോസ്‌ക്കിക്കാണ്.

കഴിഞ്ഞ സീസണിൽ റയലിനായി 46 കളികളിൽ നിന്ന് 44 ഗോളുകളാണ് ബെൻസേമ നേടിയത്. ക്രിസ്റ്റ്യാനോ റയൽ വിട്ടതിനുശേഷമുള്ള അഞ്ചു സീസണുകളിലായി ഇതുവരെ 136 ഗോളുകൾ താരം അടിച്ചുകൂട്ടി. ബെൻസമയുടെ കളിമികവിന് യുവേഫയുടെ കഴിഞ്ഞസീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

 

Exit mobile version