ഡീഗോ മറഡോണയാൽ ഉപേക്ഷിക്കപ്പെട്ട് ചിന്നിച്ചിതറിപ്പോയ അർജന്റീന എന്ന ഫുട്‌ബോൾ രാജ്യത്തിന്
പുത്തൻ പ്രതീക്ഷയുടെ മെഴുകുതിരി നാളമായെത്തിയ മെസി. 34 വർഷത്തെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും വില കൊണ്ട് ലോക ഫുട്ബോൾ ചരിത്രത്തിൽ സ്വന്തം പേരെഴുതി ചേർത്തവൻ. 1987 ജൂൺ 24നാണ് മെസിയുടെ ജനനം. റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറി തൊഴിലാളിയായ ജോർജ് ഹൊറാസിയോ മെസിയുടേയും, തൂപ്പുജോലിക്കാരിയായ സെലിയ മരിയ ഗുജിറ്റിനിയുടേയും നാല് മക്കളിൽ മൂന്നാമനായിരുന്നു മെസി.
വിപ്ലവ വീരൻ ചെഗുവേരയുടെ നാട്ടിൽ ജനിച്ചു വീണ മെസി നന്നേ ചെറുപ്പത്തിൽത്തന്നെ തന്നെ പന്തുകളി തുടങ്ങി. പിതാവായിരുന്നു ആദ്യ ഗുരു. കളിക്കളത്തിൽ അത്ഭുതങ്ങൾ തീർത്ത കുഞ്ഞു മെസി, തന്റെ എട്ടാം വയസിൽ റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിൽ ചേർന്നു. ഫുട്ബോൾ കൊണ്ട് സകലരെയും അമ്പരപ്പിച്ച ആ അത്ഭുത ബാലന്റെ ജീവിതത്തിൽ പത്താം വയസിൽ വിധി വില്ലനായി.പ്രായത്തിനൊത്ത വളർച്ചയില്ല എന്നതായിരുന്നു പ്രശ്‌നം.മെസി കുള്ളനായി പോകുമെന്ന് മാതാപിതാക്കൾ ഭയന്നു.ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്നതായിരുന്നു രോഗം.ശരീര വളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥ. പക്ഷേ, ചെറുപ്രായത്തിലേ രോഗം കണ്ടെത്തിയതിനാൽ ചികിത്സയുണ്ട്. കൃത്യമായി ഹോർമോൺ കുത്തിവച്ച് വളർച്ച ഉറപ്പാക്കാം. പക്ഷേ, ഒരു മാസം 1000 പെസോയോളം ചെലവാകും. മെസിയുടെ ദരിദ്രരായ മാതാപിതാക്കൾക്ക് ഇത്ര വലിയൊരു തുക ചെലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല.
തന്റെ ഫുട്ബോൾ ജീവിതം അവസാനിക്കുകയാണെന്നോർത്ത് കുഞ്ഞു മെസി വല്ലാതെ വിഷമിച്ചു. എന്നാൽ പ്രപഞ്ചം അവനായി ചിലത് കരുതി വച്ചിരുന്നു. അത്ഭുതകരമായൊരു ട്വിസ്റ്റിന് മെസിയും കുടുംബവും സാക്ഷ്യം വഹിച്ചു. അർജന്റീനയിലെ അത്ഭുത ബാലനെക്കുറിച്ച് കേട്ടറിഞ്ഞ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടർ കാർലസ് റക്സാച്ച് മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചു. ബാഴ്സലോണയുമായി കരാറൊപ്പിട്ടാൽ മെസിയുടെ മുഴുവൻ ചികിത്സാ ചെലവും ക്ലബ്ബ് ഏറ്റെടുക്കാമെന്ന് റക്സാച്ച് മെസിയുടെ മാതാപിതാക്കളെ അറിയിക്കുന്നു. റക്സാച്ചിന്റെ ഈ ദീർഘ വീക്ഷണമാണ് നമുക്ക് ലോകത്തിലേറ്റവും മികച്ച ഫുട്ബോളറെ സമ്മാനിച്ചത്.
ബാഴ്സലോണ കരാർ ലഭിച്ച മെസി തന്റെ പന്ത്രണ്ടാം വയസിൽ സ്പെയിനിലേക്ക് പറന്നു. അവിടെ ക്ലബ്ബിന്റെ അക്കാദമിയായ ലാ മാസിയയിൽ ചേർന്ന അവൻ തന്റെ മന്ത്രിക പ്രകടനങ്ങളുമായി എല്ലാവരേയും ഞെട്ടിച്ചു. ഒപ്പം തന്റെ ഹോർമോൺ ഡെഫിഷ്യൻസി അസുഖത്തിന് ഏറ്റവും മികച്ച ചികിത്സയും നേടി. തന്റെ മികവിന് അംഗീകാരമെന്നോണം പതിനേഴാം വയസിൽ അവൻ ബാഴ്സലോണയുടെ സീനിയർ ടീമിലെത്തി. പടിപടിയായി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമായി മെസി മാറി. സ്പെയിൻ ദേശീയ ടീമിനായി മെസിയെ നോട്ടമിട്ടു.
പക്ഷേ, പോറ്റമ്മയെക്കാൾ, പെറ്റമ്മയെ സ്‌നേഹിച്ച അർജന്റീനയ്ക്കായി കന്നിയങ്കം കുറിച്ചു. ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച കളികാരനായി അവൻ അതിവേഗം വളർന്നു.
Discussion about this post