രജീഷ് ജെ.എൽ
കഴിഞ്ഞ ദശകത്തിലെ ഏറ്റവും അണ്ടർ റേറ്റഡായ ഫുട്‌ബോൾതാരങ്ങളിലൊരാളായിരുന്നു കരീം ബെൻസേമ. റയൽ ആരാധകർ പോലും കഴിഞ്ഞ രണ്ട് സീസണുകളിലാണ് ഈ പേരിനെ പാടിപ്പുകഴ്ത്തി തുടങ്ങിയത്. 2021-22 ലെ ചാമ്പ്യൻസ് ലീഗിൽ സാന്റിയാഗോ ബെർണാബ്യൂ നിശബ്ദമായ പല രാത്രികളിലും അയാൾ മിന്നൽപ്പിണരായി. പ്രീ ക്വാർട്ടറിൽ പിഎസ്ജിയും ക്വാർട്ടറിൽ ചെൽസിയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയും ഫൈനലിൽ ലിവർ പൂളും യഥാർത്ഥത്തിൽ പരാജയപ്പെട്ടത് ബെൻസേമ എന്ന ഒറ്റയാനോടായിരുന്നു. ആ സീസണിൽ റയൽ യൂറോപ്പിലെയും ലാലിഗയിലേയും രാജാക്കന്മാരായപ്പോൾ ആ വിജയങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് കരീം ബെൻസേമ തന്നെയാണ്.അല്പം വൈകിയെങ്കിലും, 2022ലെ ബാലൻ ഡി ഓർ പുരസ്‌കാരം ബെൻസേമയിലേക്കെത്തുമ്പോൾ അത് അവന്റെ അർഹതയ്ക്കുള്ള അംഗീകാരമായി ആഘോഷിക്കപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.
വിരലല്ല, കളിയാണ് മുഖ്യം
2019 ജനുവരി 13ലെ റയൽ ബെറ്റിസിനെതിരായ ലാലിഗ മത്സരം. പെനാൽറ്റി ബോക്‌സിന് പുറത്ത് വച്ച് ബെറ്റിസ് ഡിഫൻഡർ മാർക്ക് ബാർത്രയുടെ ഒരു ടാക്ലിംഗിൽ കരീംബെൻസേമ കൈകുത്തി വീഴുന്നു. ബെൻസേമയുടെ വലംകൈയിലെ വിരലുകൾ ഒടിഞ്ഞു മടങ്ങി. വേദന കൊണ്ട് ആരും നിലവിളിച്ചു പോകുന്ന നിമിഷം. വിരലിന് സർജറി ചെയ്താൽ മാത്രമേ പരിക്ക് ഭേദമാകൂ. പക്ഷേ, സർജറി ചെയ്താൽ ബെൻസേമയ്ക്ക് ആ സീസൺ മുഴുവനും കളത്തിനു പുറത്തിരിക്കേണ്ടി വരും. ഡോക്ടർമാരുടെ വാക്കുകൾ ഞെട്ടലോടെയാണ് റയൽ ടീം കേട്ടത്. കാരണം ബെൻസേമയില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്തൊരു സാഹചര്യമായിരുന്നു അവരുടേത്.
വിരലുകളുടെ വേദന മനസ്സിലടക്കി ബെൻസേമ ആ തീരുമാനമെടുത്തു.സർജറി സീസൺ ബ്രേക്കിലേക്ക് നീട്ടിവച്ചു. തന്റെ രണ്ട് വിരലുകൾ ചേർത്ത് വെളുത്ത ബാൻഡ് എയ്ഡ് ചുറ്റി ആ സീസൺ മുഴുവൻ കളത്തിൽ നിറഞ്ഞാടിയ ബെൻസേമ, ലോക ഫുട്‌ബോളിൽ അർപ്പണബോധത്തിന്‌റെ പുതിയ അദ്ധ്യായമെഴുതി. സമയത്ത് സർജറി നടത്താത്തതിനാൽ അദ്ദേഹത്തിന്റെ വിരലുകൾ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.കാൽപ്പന്തിനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ ഉണങ്ങാത്ത മുറിവായി ഇപ്പോഴും ആ വെളുത്ത ബാൻഡ് എയ്ഡ് അയാളുടെ വിരലുകളെ ചുറ്റിയിട്ടുണ്ട്. ത്യാഗത്തിന്റെ പ്രതീകമെന്നോണം.
വംശീയ വെറിയുടെ ചാട്ടവാറടികൾ
ഫ്രഞ്ച് ടീമിലെ ഇന്നത്തെ പ്രധാനി ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. അൾജീറിയൻ വംശജനായ കരീം ബെൻസേമ. പക്ഷേ, 34കാരനായ കരീം ബെൻസേമയെ ഫുട്‌ബോൾ ലോകം അംഗീകരിച്ചു തുടങ്ങിയത് ഈ അടുത്തകാലത്താണ്. 2009 ൽ റയൽ മാഡ്രിഡിലേത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഗാരെത് ബെയിലിനും ടോണി ക്രൂസിനും കിട്ടിയ പ്രാധാന്യമൊന്നും ബെൻസേമയ്ക്ക് അന്ന് കിട്ടിയിരുന്നില്ല. റയൽ ആരാധകരും ഒരിക്കലും ബെൻസേമയിൽ തൃപ്തരായിരുന്നില്ല. പ്ലെയിംഗ് ഇലവനിൽപ്പോലും പലപ്പോഴും ഇടം കണ്ടെത്താൻ ബെൻസേമയ്ക്ക് കഴിഞ്ഞില്ല.പരിഭവങ്ങളോ പരാതികളോ ഇല്ലാതെ കിട്ടുന്ന അവസരങ്ങളിലെല്ലാം അവൻ തന്റെ കഴിവ് പരമാവധി പുറത്തെടുത്തു.
സിനദിൻ സിദാൻ മാഡ്രിഡിൽ പരിശീലനകുപ്പായത്തിൽ എത്തിയതോടെ ബെൻസേമ റയൽ കുപ്പായത്തിൽ സ്ഥിര സാന്നിധ്യമായി. പക്ഷെ, നേടിയ ഗോളുകളെക്കാൾ നേടാതെ പോയ ഗോളുകളിലാണ് പലരും അവനെ അടയാളപ്പെടുത്തിയത്. സിദാന് പിറക്കാതെ പോയ മകനാണ് ബെൻസേമയെന്നും അതുകൊണ്ടാണ് അവനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതെന്നും ചിലർ പരിഹസിച്ചു. വംശീയതയുടെ ചാട്ടവാറടിയേറ്റ് ബെൻസേമ പുളഞ്ഞു. ഒരു പക്ഷേ, അൾജീരിയക്കാരനായ സിനദിൻ സിദാന് ബെൻസേമ നേരിട്ട വംശീയവെറിയുടെ ആഴമറിയാനാവുമായിരിക്കും.
പലകുറി റയൽ ആരാധകർ ബെൻസേമയെ കൈവിട്ടപ്പോഴും ആ വെളുത്ത ജഴ്‌സിയെ അവൻ തള്ളിപ്പറഞ്ഞില്ല. അവന് ആ വെള്ളക്കുപ്പായത്തോടും അതിന്റെ ഹൃദയഭാഗത്തുള്ള ചിഹ്നത്തിനോടും അടങ്ങാത്ത ഒരു അഭിനിവേശമുണ്ടായിരുന്നു.
അക്കാലഘട്ടത്തിലെ വിജയങ്ങളുടെ എല്ലാ ക്രെഡിറ്റും ക്രിസ്റ്റ്യാനോയ്ക്ക് ചാർത്തികൊടുത്തപ്പോൾ, നിശബ്ദനായ ഒരു പോരാളിയായി അവൻ ഉണ്ടായിരുന്നു. ആധുനിക ഫുട്‌ബോളിലെ നിസ്വാർത്ഥനായ ആ സ്‌ട്രൈക്കറുടെ കൂടി വിജയങ്ങളായിരുന്നു അതെന്ന് പലരും മറന്നുപോയി.
2018 ൽ ക്രിസ്റ്റിയാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടപ്പോൾ പകരക്കാരനെ തേടി ആരാധകർ പരക്കം പാഞ്ഞു. ഹസാഡിന്റെയും ബെയിലിന്റെയും അസെൻസിയോയുടേയും പേരുകൾ ഉയർന്നു വന്നപ്പോഴും ബെൻസേമയുടെ പേര് ആരും ചൂണ്ടിക്കാട്ടിയില്ല. പക്ഷേ ബെൻസേമ തളർന്നില്ല. പരാതിക്കെട്ടഴിച്ചില്ല. കളിക്കളങ്ങളിലാണ് അവൻ മധുരപ്രതികാരം വീട്ടിയത്. ഒടുവിൽ അവന്റെ ദിനമെത്തി. പരിഹാസ ശരങ്ങൾ എയ്തവർക്ക് മുന്നിൽ അവൻ തല ഉയർത്തി നിന്നു. അവഗണിച്ചവരുടെ മനസിൽ അവന്‌റെ പേരു മാത്രമായി. നിലയ്ക്കാത്ത കരഘോഷങ്ങൾ അവനായി മുഴങ്ങി.
റയലിന്റെ നക്ഷത്രക്കൂട്ടം
അൾജീരിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയവരായിരുന്നു ബെൻസേമയുടെ മാതാപിതാക്കൾ.
9 മക്കളിൽ ആറാമനായിരുന്നു ബെൻസേമ. കുടിയേറ്റക്കാരനായതിനാൽ വംശീയധിക്ഷേപങ്ങൾ കേട്ട് ചെവിട് തഴമ്പിച്ച് പോയ ബാല്യം. കുട്ടിക്കാലത്തേ ഫുട്‌ബോളിൽ അവൻ അത്ഭുതങ്ങൾ സൃഷ്ടിച്ചു. 10-ാം വയസിൽ ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ ലിയോൺ ക്‌ളബിലേക്കെത്തി. 17-ാം വയസിൽ സീനിയർ ടീമിലെത്തിയതോടെ അവനെ ലോകം ശ്രദ്ധിച്ചു തുടങ്ങി. പക്ഷെ അപ്പോഴും വംശീയാധിക്ഷേപത്തിന് കുറവുണ്ടായില്ല.
പരിഹാസങ്ങൾ മനസിനെയും ശരീരത്തേയും പലകുറി മുറിവേൽപ്പിച്ചുവെങ്കിലും ഫുട്‌ബോൾ ആ വേദനകൾക്ക് മറുമരുന്നായി. അവന്‌റെ ലോകം ഫുട്‌ബോൾ മാത്രമായി. 20 വയസിൽ ലിയോണിന്റെ 10-ാം നമ്പർ കുപ്പായവും അവനെത്തേടിയെത്തി. 2009-ൽ ക്രിസ്റ്റിയാനോയോടൊപ്പം 35 മില്ല്യണിന് ബെൻസേമയേയും പെരസ് റയലിന്റെ നക്ഷത്രക്കൂട്ടത്തിലേക്ക് എത്തിക്കുകയായിരുന്നു.
2007ൽ ഫ്രാൻസിന്റെ ദേശീയ ജെഴ്‌സി അണിഞ്ഞെങ്കിലും 2018 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ ബെൻസേമ അംഗമായിരുന്നില്ല. കാരണം ബെൻസേമ അത്ര മികച്ച ഒരു താരമാണെന്ന് ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്‌സ് പോലും അംഗീകരിച്ചിരുന്നില്ല. 2018-ൽ ജിറൗഡായിരുന്നു ദെഷാംപ്‌സിന്റെ നമ്പർ 9. അപ്പോഴും റയലിന്റെ നമ്പർ 9 ആയി ബെൻസേമ തിളങ്ങുന്നുണ്ടായിരുന്നു. ദശകങ്ങൾ നീണ്ട തിരസ്‌കാരത്തിന് കഠിനാദ്ധ്വാനം കൊണ്ട് ബെൻസേമ മറുപടി നൽകി.