തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മാസ്‌ക്ക് ധാരണം നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
എയർപോർട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം. പ്രായമായവരും ആരോഗ്യ പ്രവർത്തകരും അനുബന്ധരോഗമുള്ളവരും നിർബന്ധമായും കരുതൽ ഡോസ് എടുക്കണം. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. ഇൻഫ്ളുവൻസ കേസുകളും കൊവിഡും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫ്ളുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിച്ച് ചികിത്സ ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കും.
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. മീനാക്ഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Discussion about this post