ഓട്ടോ ഓടിക്കുന്നതിനിടയില്‍ മകള്‍ക്ക് വേണ്ടി പഠിച്ച് ഒരച്ഛന്‍; വൈറലായി ബാങ്കുദ്യോഗസ്ഥന്റെ കുറിപ്പ്

മകളെ യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിനായി ഓട്ടോ ഓടിക്കുന്നതിനിടയില്‍ സ്വന്തം പഠിക്കുകയാണ് ആ പിതാവ്

സ്വന്തം മക്കള്‍ എന്നും വലിയ നിലയില്‍ എത്താന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ രക്ഷകര്‍ത്താവും. അതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. തങ്ങളുടെ മക്കള്‍ തങ്ങളെ പോലെ വലിയ പതവിയിലിരിക്കാന്‍ പണക്കാര്‍ ആഗ്രഹിക്കുമ്പോള്‍, മക്കള്‍ തങ്ങളേക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തണമെന്നാണ് പാവപ്പെട്ട രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കാന്‍ മാതാപിതാക്കള്‍ വളരെയധികം കഷ്ടപ്പെടാറുമുണ്ട്.

അതിനിടയിലാണ് ഒരു ഊബര്‍ ഡ്രൈവര്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ മകളെ യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിനായി ഓട്ടോ ഓടിക്കുന്നതിനിടയില്‍ സ്വന്തം പഠിക്കുകയാണ് ആ പിതാവ്. ജെപി മോര്‍ഗനിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് അനലിസ്റ്റായ അഭിജിത്ത് മുത്തയാണ് ലിങ്ക്ഡ്ഇനില്‍ ഹൃദയസ്പര്‍ശിയായ ഈ സംഭവം പങ്കുവെച്ചിരിക്കുന്നത്.

ഒരു ദിവസം രാത്രിയില്‍ അഭിജിത്ത് യൂബര്‍ ബുക്ക് ചെയ്യുകയും രാകേഷ് എന്നയാള്‍ പിക്ക് ചെയ്യാന്‍ എത്തുകയും ചെയ്തു. യാത്ര ആരംഭിച്ചതോടെ താന്‍ കണ്ടുകൊണ്ടിരുന്ന യൂട്യൂബ് വീഡിയോ നിര്‍ത്തിവെച്ച് രാകേഷ് നാവിഗേഷന്‍ ആരംഭിച്ചു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അദ്ദേഹം വീണ്ടും കണ്ടുനിര്‍ത്തിയിടത്തു നിന്ന് യൂട്യൂബ് വീഡിയോ പുനരാരംഭിച്ചു. അതോടെ രാകേഷ് എന്താണ് കാണുന്നതെന്ന് അഭിജിത്ത് ചോദിച്ചു. താന്‍ കണ്ടുകൊണ്ടിരിക്കുന്ന ചാനലില്‍ ആനുകാലിക വിഷയങ്ങളും ഇക്കണോമിക്‌സും ഉണ്ടെന്നായിരുന്നു രാകേഷിന്റെ മറുപടി. അതോടെ എന്തെങ്കിലും പരീക്ഷയ്ക്ക് പഠിക്കുയാണോ എന്ന അഭിജിത്തിന്റെ ചോദ്യത്തിന് രാകേഷ് നല്‍കിയ ഉത്തരമാണ് ഏവരെയും ആനന്ദിപ്പിച്ചത്. എന്റെ മകള്‍ യുപിഎസ്സിക്ക് തയ്യാറെടുക്കുകയാണെന്നും അവള്‍ ലൈബ്രറിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഈ വിഷയങ്ങളില്‍ ഞങ്ങള്‍ ഒരു റൗണ്ട് ചര്‍ച്ചകള്‍ നടത്തുമെന്നുമായിരുന്നു രാകേഷിന്റെ മറുപടി.

1.3 ലക്ഷത്തിലധികം പ്രതികരണങ്ങളാണ് മൂന്ന് ദിവസം കൊണ്ട് ഈ പോസ്റ്റിന് ലഭിച്ചത്. 1,600-ലധികം കമന്റുകളും 1,787 റീപോസ്റ്റുകളും ഇതിന് ലഭിച്ചു. യൂബര്‍ ഡ്രൈവറുടെ ശ്രമത്തെ പലരും അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ ട്രാഫിക് നിയമലംഘനവും ചൂണ്ടിക്കാട്ടി.

 

 

Exit mobile version