ടെഹ്റാനിലെ എവിന്‍ ജയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 8 മരണം; 61 തടവുകാര്‍ക്ക് പരുക്ക്

ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ജയിലിലെ സംഭവങ്ങള്‍ക്ക് ബന്ധമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു

ടെഹ്റാന്‍: ടെഹ്റാനിലെ എവിന്‍ ജയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 8 മരണം. 61 തടവുകാര്‍ക്ക് പരുക്കേറ്റതായും ഇറാനിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ജയിലില്‍ തീപിടിത്തം ഉണ്ടായത്. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് ജയിലില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ പ്രക്ഷോഭവുമായി ജയിലിലെ സംഭവങ്ങള്‍ക്ക് ബന്ധമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അമിനി (22) എന്ന പെണ്‍കുട്ടി പിന്നീട് കസ്റ്റഡിയില്‍ വെച്ച് മരിച്ചിരുന്നു. അമിനിയുടെ മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചാഴ്ചയായി രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ എവിന്‍ ജയിലിലേക്ക് എത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതിനു പിന്നാലെ ശക്തമായ തീയും പുകയും ഉയര്‍ന്നു. തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് ചിലര്‍ ജയിലിന് തീയിടുകയുമായിരുന്നു എന്നാണ് അധികൃതരുടെ പറയുന്നത്. കലാപം നിയന്ത്രിക്കാന്‍ സുരക്ഷാ സൈന്യം വെടിയുതിര്‍ത്തതാണെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയ തടവുകാരെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്റ്റിവിസ്റ്റുകളെയും പാര്‍പ്പിക്കുന്ന ടെഹ്‌റാനിലെ എവിന്‍ ജയില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ നേരത്തെ കുപ്രസിദ്ധമാണ്. ജയലില്‍ ക്രൂരമായ പീഡനമാണ് തടവുകാര്‍ക്ക് നേരെ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

 

Exit mobile version