തിരുവനന്തപുരം: ഗവര്‍ണര്‍ പദവിയുടെ അന്തസിന് ആഘാതമേല്‍പ്പിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ ട്വീറ്ററില്‍ കുറിച്ചത്.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ സേര്‍ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍ സര്‍വകലാശാല തയാറാകാത്തതിനെ തുടര്‍ന്ന് 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. മന്ത്രിമാര്‍ വന്ന് വിശദീകരിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് ഗവര്‍ണറുടെ നിലപാട്.