തിരുവന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപത റോഡ് ഉപരോധിക്കുന്നു. ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലാണ് ഉപരോധം. രാവിലെ എട്ടരയ്ക്ക് ആരംഭിച്ച ഉപരോധം വൈകിട്ട് 3 മണിവരെ ഉണ്ടാകുമെന്നാണ് സമരസമിതി അറിയിച്ചു.
ആറ്റിങ്ങല്‍, സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, പൂവാര്‍, ഉച്ചക്കട, സെക്രട്ടേറിയറ്റ്, കഴക്കൂട്ടം എന്നിങ്ങനെ എട്ട് കേന്ദ്രങ്ങളിലാണ് റോഡുപരോധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലും ജില്ലാകളക്ടര്‍ സമരത്തിന് നിരോധനമേര്‍പ്പെടുത്തി. ഇവിടെ മുദ്രാവാക്യം മുഴക്കുന്നതിനും മറ്റ് പ്രകടനങ്ങള്‍ നടത്തുന്നതിനും നിരോധനമുണ്ട്.
തങ്ങളുടെ ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ശക്തമായി സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം, സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാകും മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണുക.