കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രത്തിൽ സ്വർണലിപികൾക്കൊണ്ട് എഴുതിചേർത്തതാണ് പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമരം. കൊക്കക്കോളയെ പോലെ അന്താരാഷ്ട്ര ഭീമനായ ഒരു അമേരിക്കൻ കമ്പനി തദ്ദേശീയ ജനതയുടെ സമരത്തെത്തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടിയത് കോർപ്പറേറ്റ് വിരുദ്ധ സമരങ്ങളിൽ ലോകത്തിൽ തന്നെ അത്യപൂർവ്വങ്ങളിലൊന്നാണ്. ജീവിക്കാനുള്ള അവകാശത്തിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും വേണ്ടി പ്ലാച്ചിമട ഗ്രാമത്തിലെ ജനത നടത്തിയ സന്ധിയില്ലാ സമരത്തിന്റെ ബാക്കിപത്രമായിരുന്നു ബഹുരാഷ്ട്ര കുത്തക ഭീമന്റെ പിന്മാറ്റം. പ്ലാച്ചിമടയിലെ സമരം വെറുമൊരു പരിസ്ഥിതി സമരം മാത്രമായിരുന്നില്ല മറിച്ച് അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ച് ചൂഷണത്തിന് ശ്രമിച്ച വൻകിട കോർപ്പറേറ്റിനെതിരെയുള്ള ഒരു ഗ്രാമത്തിന്റെ അവകാശപ്പോരാട്ടമായിരുന്നു. പോരാട്ട വീര്യത്തിൽ അചഞ്ചലമായി നിന്ന പ്ലാച്ചിമട എന്ന ഗ്രാമവും ചരിത്രത്തിലിടം നേടി. പ്ലാച്ചിമടയിൽ നിന്ന് കൊക്കക്കോള പിൻവാങ്ങിയെങ്കിലും പരിസ്ഥിതിക്കും ഗ്രാമീണ ജനതയ്ക്കും സംഭവിച്ച നഷ്ടങ്ങൾ ഇന്നും ബാക്കിയാണ്.
1999-ൽ ഇ കെ നായനാർ മുഖ്യമന്ത്രിയും സൂശീലാ ഗോപാലൻ വ്യവസായമന്ത്രിയുമായിരുന്ന കാലത്താണ് വെള്ളവും വൈദ്യുതിയും നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി കേരളത്തിലേക്കെത്തുന്നത്. 1999-ൽ തന്നെ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പെരുമാട്ടി പഞ്ചായത്തിൽ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചു.2000-ൽ തന്നെ പഞ്ചായത്ത് ലൈസൻസ് നൽകി. പാലക്കാട് ജില്ലയിലെ കേരളാ-തമിഴ്നാട് അതിർത്തി ഗ്രാമമായ പ്ലാച്ചിമടയുടെ സ്വാഭാവിക പരിസ്ഥിതിയുടെ മാറ്റത്തിനുള്ള അനുമതി കൂടിയായിരുന്നു ഈ ലൈസൻസ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ 90 കോടി മുതൽമുടക്കിൽ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. 12,24,000 ഉത്പാദന ലക്ഷ്യത്തെടെ ആരംഭിച്ച പ്ലാന്റിന് ഒരു മോട്ടോർ ഉപയോഗിച്ച് വെള്ളമെടുക്കാൻ മാത്രമായിരുന്നു പഞ്ചായത്ത് അനുമതി. എന്നാർ ആറോളം കുഴൽകിണറുകൾ വഴി മോട്ടാർ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭ ജലമാണ് കൊക്കക്കോള ഈ മണ്ണിൽ നിന്ന് ദിനം പ്രതി ഊറ്റിയെടുത്തത്. ഫാക്ടറി ആരംഭിച്ചതോടെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ ഗ്രാമത്തിലെ ജനത മനസ്സിലാക്കി തുടങ്ങിയത്. കിണറുകളിൽ പലതിലും അഭൂതപൂർവ്വമാം വിധം ജലനിരപ്പ് താഴ്ന്നു. പല കിണറുകളും മറ്റ് ജലസ്ത്രാതസ്സുകളും വറ്റി വരണ്ടു. വെള്ളം വറ്റാത്ത കിണറുകളിൽ ഫാക്ടറി മാലിന്യം ചേർന്ന് ഉപയോഗപ്രദമല്ലാതാവുകയും ചെയ്തു. പ്രതിദിനം 8 ലക്ഷം ലിറ്റർ മലിനജലമാണ് പ്ലാന്റ് പുറന്തള്ളിയിരുന്നത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വളരെ വേഗം രോഗങ്ങളും പടർന്നുപിടിച്ചു. കണ്ണടച്ചുതുറക്കുന്ന നേരത്ത് പ്ലാച്ചിമട ഗ്രാമത്തിന് മേലെ അശാന്തിയുടെ കരിമ്പടം പുതയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഫാക്ടറിയിൽ നിന്ന് ലഭിക്കുന്ന ഖരമാലിന്യം കൃഷിക്ക് അനുയോജ്യമായ വളമാണെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചു. ഖരമാലിന്യം ഉപയോഗിച്ച കൃഷി ഭൂമികളൊക്കയും തരിശായി. ഇതോടെയാണ് പ്ലാന്റിനെതിരായ സമരം എന്ന ആശയത്തിലേക്ക് പ്ലാച്ചിമടക്കാർ എത്തുന്നത്.
സാധാരണക്കാരായ പ്ലാച്ചിമട നിവാസികൾ മുതൽ ദേശീയ പരിസ്ഥിതി നേതാക്കളെവരെ സമരമുഖത്തെത്തിച്ച പോരാട്ടമായിരുന്നു പീന്നീട് കേരളം കണ്ടത്. മയിലമ്മ എന്ന പ്ലാച്ചിമടയിലെ ആദിവാസി സ്ത്രീയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽകൂടിയാണ് കൊക്കക്കോള മുട്ടുമടക്കിയത്. ഞങ്ങൾ പ്ലാച്ചിമടയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്ന് സുപ്രീം കോടതിയിൽ കൊക്കക്കോള പറയുന്നത് വരെയെത്തി സ്‌കൂൾ വിദ്യാഭ്യസം പോലും നേടിയിട്ടില്ലാത്ത മയിലമ്മയുടെ പോരാട്ടം. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം മൂലം താൻ അനുഭവിക്കേണ്ടി വന്ന കഷ്ടതകളായിരുന്നു മയിലമ്മയുടെ പോരാട്ടത്തിന്റെ മൂലധനം. നാട്ടുകാരെ കൂടെ ചേർത്ത് കൊക്കക്കോള വിരുദ്ധ സമിതി ഉണ്ടാക്കിയായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. 2002-ൽ കമ്പനിക്ക് മുന്നിൽ കുടിൽക്കെട്ടി തങ്ങളുടെ ദുരിതങ്ങൾ ലോകത്തിനോട് വിളിച്ച് പറഞ്ഞത് 62 കാരിയായ മയിലമ്മയായിരുന്നു. ലോക ജലസമ്മേളനം പ്ലാച്ചിമടയിൽ നടന്നതോടെ സമരം അന്താരാഷ്ട്രതലത്തിലുമെത്തി. 2004 നാണ് പ്ലാച്ചിമടയുടെ പോരാട്ടങ്ങളിൽ അടിപതറി കൊക്കക്കോള കമ്പനി പ്ലാന്റ് നിർത്തലാക്കിയത്.
കൊക്കക്കോളയെ വിരട്ടിയോടിച്ച പോരാട്ടവീര്യത്തിൽ മയിലമ്മയും സംഘവും വിജയഗാഥ രചിച്ചെങ്കിലും അതിജീവനത്തിന്റെ പാതകൾ പ്ലാച്ചിമടയ്ക്ക് പിന്നെയും അകലെയായിരുന്നു. അടച്ചുപൂട്ടിയെങ്കിലും കമ്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ പ്ലാച്ചിമട വാസികൾക്ക് നഷ്ടപരിഹാരം വാങ്ങി നൽകാനോ മാറി മാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞില്ല. നിയമയുദ്ധങ്ങൾക്കൊടുവിൽ 2009-ൽ കേരളസർക്കാർ നിയോഗിച്ച ഉന്നതധികാരസമിതി പ്ലാച്ചിമടയ്ക്കാകെ 216 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് ശൂപാർശ നൽകി. നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപികരണത്തിനായി ബില്ല് നിയമസഭയിലും അവതരിപ്പിക്കപ്പെട്ടു. കുറ്റകൃത്യങ്ങൾ കോടതിക്ക് മുന്നിൽ വിചാരണ ചെയ്താൽ ആഗോള തലത്തിൽ പ്രതിച്ഛായ നഷ്ടം ഭയന്ന് കമ്പനി ബില്ലിനെതിരെ രംഗത്തുവന്നു. പിന്നീട് എല്ലാം ചുവപ്പുനാടകളിലെ വെറു കടലാസ്സുകളായി മാറി. നിയമങ്ങളും നിയമത്തിന്റെ പഴുതുകളും തമ്മിലുള്ള യുദ്ധത്തിൽ വിജയിക്കാനാകാതെ പോയത് പ്ലാച്ചിമടയിലെ ജനതയ്ക്കാണ്. നഷ്ടപരിഹാരം ഇന്നും കിട്ടാക്കനിയായി നിലനിൽക്കുന്നുണ്ട്. 2016 -ൽ പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്ന് ട്രൈബ്യൂണൽ രൂപീകരണമായിരുന്നു. ഇതുകൊണ്ട് തന്നെ സമരസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ നൽകിയിരുന്നു. 6 വർഷങ്ങൾക്കിപ്പുറവും വാഗ്ദാനങ്ങൾ, വാഗ്ദാനങ്ങൾ മാത്രമായി തുടരുകയാണ്.
Discussion about this post