ശാസ്താംകോട്ട: ജോലി കഴിഞ്ഞ് മടങ്ങിവരും വഴി ഒരുമണിക്ക് കേരള അക്ഷയ ലോട്ടറിയുടെ ഭാഗ്യക്കുറിയെടുത്തു. പിന്നാലെ രണ്ടുമണിക്ക് ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് വീട്ടിലെത്തി. എന്തുചെയ്യണമെന്നറിയാതെ ഉള്ളുകലങ്ങിയിരുക്കുമ്പോഴാണ് മൂന്നര മണിക്ക് 70 ലക്ഷം രൂപയുമായി ഭാഗ്യദേവത കടന്നുവന്നത്. മണിക്കുറുകള്‍ക്കിടയിലാണ് മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന്റെ ജീവിതത്തില്‍ ഈ താഴ്ച്ചയും ഉയര്‍ച്ചയുമൊക്കെ സംഭവിച്ചത്.
മീന്‍ വില്‍പ്പനക്കാരനാണ് പൂക്കുഞ്ഞ്. ബുധനാഴ്ചയും മീന്‍ വിറ്റു മടങ്ങും വഴിയാണ് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ നിന്ന് ടിക്കറ്റെടുത്തത്. ശേഷം രണ്ട് മണിയോടെ കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ് വീട്ടിലെത്തി. വീടുവയ്ക്കുന്നതിനായി ബാങ്കില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തി.
മുന്നിലൊരു വഴിയും കാണാതെ തകര്‍ന്നിരിക്കുമ്പോഴാണ് പൂക്കുഞ്ഞിനെ തേടി ഭാഗ്യം എത്തുന്നത്. പൂക്കുഞ്ഞെടുത്ത എ.ഇസഡ്. 907042 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചെന്ന് സഹോദരനാണ് വിളിച്ചറിയിച്ചത്. ആദ്യം വിശ്വാസിക്കാനായില്ലെങ്കിലും നിനച്ചിരിക്കാതെ കൈവന്ന സൗഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുകയാണ് പൂക്കുഞ്ഞ്. മുംതാസ് ആണ് ഭാര്യ. വിദ്യാര്‍ഥികളായ മുനിര്‍, മുഹ്സിന എന്നിവരാണ് മക്കള്‍.