കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി കൊടുത്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. നരബലിക്കു ശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികള്‍ ഭക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശാനുസരണമാണ് ആയുരാരോഗ്യത്തിനു വേണ്ടി മനുഷ്യമാംസം ഭക്ഷിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് ഭഗവല്‍ സിങും ഭാര്യ ലൈലയും ഞെട്ടിക്കുന്ന ഈ വിവരം തുറന്നുപറഞ്ഞത്.
ഐശ്വര്യലബ്ധിക്കു വേണ്ടിയാണ് മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരം ദമ്പതിമാരായ ഭഗവല്‍ സിങും ലൈലയും ക്രൂരകൊലപാതകം നടത്തിയത്. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെയാണ് പ്രതികള്‍ ഇലന്തൂരില്‍ എത്തിച്ച് നരബലി നടത്തിയത്. ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നതായി മൊഴി നല്‍കിയിട്ടുണ്ടെന്ന് ഡിഐജി ആര്‍.നിശാന്തിനി പറഞ്ഞു. വീട്ടിനുള്ളില്‍ വച്ചാണു 2 കൊലപാതകവും നടത്തിയത്. വീടിനു സമീപത്തുനിന്നു 4 കുഴികളിലായാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കൂടുതല്‍ പേരെ ഇത്തരത്തില്‍ ഇവര്‍ കൊലപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളെ കൊല്ലാനുപയോഗിച്ചു എന്ന് കരുതുന്ന കുറച്ചു ആയുധങ്ങള്‍ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ചാണോ കൊല നടത്തിയതെന്ന് വ്യക്തമാകാന്‍ ഫൊറന്‍സിക് പരിശോധന നടത്തും. നരബലി നടന്ന ഭഗവല്‍ സിങിന്റെ വീട്ടില്‍ ഇന്നും പൊലീസ് സംഘം പരിശോധന നടത്തും. പൂജ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് പരിശോധന.