പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയില്‍ ആദ്യം കൊലപ്പെടുത്തിയത് കാലടിയില്‍ നിന്ന് കടത്തിക്കൊണ്ടു പോയ റോസ്ലിനെയെന്ന് പൊലീസ്. ജൂണ്‍ മാസത്തിലായിരുന്നു ഈ കൊലപാതകം നടന്നത്. പിന്നീട് രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്. പിന്നാലെ ഇവരെയും ആഭിചാരക്രിയയുടെ പേരില്‍ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ദാരുണ സംഭവത്തില്‍ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ്, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് അറസ്റ്റിലായത്. ഷിഹാബാണ് സംഭവങ്ങളുടെ പ്രധാന സൂത്രധാരനാണെന്നാണ് പോലീസ് കണ്ടെത്തല്‍. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷിഹാബ് വൈദ്യനായ ഭഗവല്‍സിങ്ങുമായി സൗഹൃദം സ്ഥാപിക്കുന്നത്. സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്തിരുന്ന ഷിഹാബാണ് തന്റെ അറിവില്‍ റഷീദ് എന്ന് പേരുള്ള ഒരു സിദ്ധനുണ്ടെന്നും ഇയാളെ കണ്ടാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നും പറഞ്ഞു ഭഗവല്‍സിങിനെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷിഹാബ് തന്നെ ഭഗവല്‍ സിങ്ങിന് മുന്നിലെത്തി. ഫോണില്‍ വിളിച്ച ഭഗവല്‍സിങ്ങിനോട് സാമ്പത്തിക അഭിവൃദ്ധിക്കായി ചില ആഭിചാരക്രിയകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഷിഹാബ് ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ട് കണ്ടിരുന്നു. തുടര്‍ന്ന് ആഭിചാരക്രിയകളുടെ ഭാഗമായി ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ച് ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.
നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നും ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യം ശരിയാണൊ എന്നറിയാന്‍ ഭഗവല്‍ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇത് സത്യമാണെന്ന മറുപടി നല്‍കിയതോടെ നരബലിയിലേക്ക് കടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന കാര്യം ഭഗവല്‍ സിങ് അപ്പോഴും അറിഞ്ഞിരുന്നില്ല.
കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്ലിനെയാണ് പ്രതികള്‍ നരബലിക്കായി ആദ്യം കണ്ടെത്തിയത്. പത്തു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നും നീലച്ചിത്രത്തില്‍ അഭിനയിക്കണമെന്നും റോസ്ലിനോട് ഇയാള്‍ പറഞ്ഞു. ഇക്കാര്യം സമ്മതിച്ചതോടെയാണ് റോസ്ലിനെ ഇലന്തൂരിലെ ദമ്പതിമാരുടെ വീട്ടിലെത്തിച്ചത്. കട്ടിലില്‍ കെട്ടിയിട്ടാണ് മൂന്നുപ്രതികളും ചേര്‍ന്ന് റോസ്ലിനെ തലയറുത്ത് കൊലപ്പെടുത്തിയത്. ലൈലയാണ് ആദ്യം റോസ്ലിന്റെ കഴുത്തില്‍ കത്തിവെച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിക്കയറ്റി മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ചു. പിന്നാലെ ശരീരമാസകലം മുറിവുകളുണ്ടാക്കുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു. ഈ രക്തമെല്ലാം ശേഖരിച്ച് പിന്നീട് വീടിന്റെ പല ഭാഗങ്ങളിലും തളിച്ച് ശുദ്ധീകരണം നടത്തി. തുടര്‍ന്ന് കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ദമ്പതിമാരില്‍ നിന്ന് രണ്ടരലക്ഷം രൂപ കൂടി കൈപ്പറ്റിയ ശേഷമാണ് ഷിഹാബ് ഇലന്തൂരില്‍ നിന്ന് മടങ്ങിയത്.
സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. തുടര്‍ന്ന് അടുത്ത ദിവസം ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. ഇതോടെ തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച സംഭവം പുറത്തായത്.