ആക്രമണം ശക്തമാക്കി റഷ്യ; പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഇന്ത്യന്‍ എംബസി

ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 11 പേര്‍, എഴുപതോളം പേര്‍ക്ക് പരിക്ക്

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ഷെവ്‌ചെങ്കോ മേഖലയിലുണ്ടായ ആക്രമണത്തില്‍ വന്‍ നാശ നഷ്ടവുമുണ്ടായിട്ടുണ്ട്. കീവിനു പുറമെ നിപ്രോ, സപ്രോഷ്യ, ലിവിവ് തുടങ്ങിയ നഗരങ്ങളിലും ആക്രമണമുണ്ടായിട്ടുണ്ട്. റഷ്യന്‍ ആക്രമണം തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യുക്രെയ്ന്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
യുക്രെയ്ന്‍ റഷ്യ യുദ്ധത്തിനിടെ മാസങ്ങള്‍ക്കു ശേഷമാണ് ആക്രമണം വീണ്ടും ശക്തമാകുന്നത്. താപവൈദ്യുത നിലയവും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആക്രമിക്കപ്പെട്ടു. റഷ്യ ക്രൈമിയ പ്രധാനപാതയിലെ പാലം തകര്‍ത്തതിന്റെ തിരിച്ചടിയാണിതെന്നാണ് സൂചന. പാലം തകര്‍ത്തത് ഭീകരാക്രണം ആണെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ നിലപാട്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കീവിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി. യുക്രെയ്‌നിലേക്കും യുക്രെയ്‌നിനകത്തും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും യുക്രെയ്‌നിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണവിവരങ്ങള്‍ അറിയിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

 

 

 

Exit mobile version