കൊച്ചി: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കൊച്ചിയില്‍ നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര് പിടിയില്‍. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു എന്നാണ് വിവരം. തിരുവല്ല സ്വദേശി ഭഗവന്ത് സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്. സമ്പദ് സമൃദ്ധിക്കുവേണ്ടി ഐശ്വര്യപൂജയ്ക്കിടെയാണ് സ്ത്രീകളെ അതിക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ദുര്‍മന്ത്രവാദത്തിനായി സ്ത്രീകളെ വശീകരിച്ചു പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷന് പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍ പത്മം (52) ആണു കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ലോട്ടറി വില്‍പക്കാരിയായിരുന്ന ഇവര്‍ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബര്‍ 26 മുതല്‍ കാണാതായെന്നും നാട്ടുകാര്‍ പറയുന്നു. കാലടി സ്വദേശിനി റോസിലി (50) ആണു കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ. ഇവരും ലോട്ടറിക്കച്ചവടം ചെയ്തിരുന്നു.
മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇവരെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതല്‍ പേര് സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്.
Discussion about this post