അധ്യാപക നിയമന അഴിമതി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിക് ഭട്ടാചാര്യ അറസ്റ്റില്‍

കേസില്‍ മുന്‍ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും സഹായി അര്‍പ്പിത മുഖര്‍ജിയും മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിക് ഭട്ടാചാര്യ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെയോടെ ഭട്ടാചാര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂല്‍ നേതാവാണ് ഭട്ടാചാര്യ. മുന്‍ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും സഹായി അര്‍പ്പിത മുഖര്‍ജിയും മാസങ്ങള്‍ക്ക് മുമ്പ് കേസില്‍ അറസ്റ്റിലായിരുന്നു. അര്‍പ്പിത മുഖര്‍ജിയുടെ പക്കല്‍നിന്ന് അനധികൃത പണം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കേസില്‍ പുതിയ ഉത്തരവുകള്‍ വരുന്നതുവരെ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടിയതിനു പിന്നാലെയാണ് അറസ്റ്റ്.
ഭട്ടാചാര്യയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. സെപ്റ്റംബര്‍ 30ന് ഉത്തരവ് പുറപ്പെടുവിക്കവേ അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. അര്‍പിത മുഖര്‍ജിയുടെ അറസ്റ്റിന് പിന്നാലെ മണിക് ഭട്ടാചാര്യയെ ബംഗാളിലെ പ്രാഥമിക വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
2014 ല്‍ പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് അധ്യാപക നിയമനത്തില്‍ അഴിമതി നടക്കുന്നത്. സംസ്ഥാന പ്രൈമറി അധ്യാപകരെ നിയമിക്കുന്നതിനുള്ള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ (ടിഇടി) കണ്ടെത്തിയ അപാകതകളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ആഗസ്തില്‍ സിബിഐ ഭട്ടാചാര്യക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (ഡബ്ല്യുബിഎസ്എസ്സി) മുന്‍ ഉപദേഷ്ടാവ് ശാന്തി പ്രസാദ് സിന്‍ഹ, മുന്‍ ഡബ്ല്യുബിഎസ്എസ്സി ചെയര്‍മാന്‍ അശോക് സാഹ, ഡബ്ല്യുബിഎസ്എസ്സി മുന്‍ പ്രസിഡന്റ് കല്യാണ്‍മോയ് ഗാംഗുലി എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ മന്ത്രി പരേശ് സി അധികാരി അടക്കമുള്ള 13 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിക് ഭട്ടാചാര്യയുടെ അറസ്റ്റുണ്ടായത്.

Exit mobile version