ദോഹ: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ഇൻഫോഗ്രാഫിക്സ് വ്യാജമാണെന്ന് അറിയിച്ച് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രംഗത്തെത്തി. ‘ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു’ എന്ന തലക്കെട്ടിലാണ് ഗ്രാഫിക് കാർഡ് പ്രചരിക്കുന്നത്. ഇത് പൂർണമായും തെറ്റാണെന്നും ഔദ്യോഗിക കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി.
ഫുട്‌ബോൾ ആരാധകരും രാജ്യത്തേക്ക് എത്തുന്ന സന്ദർശകരും ടൂർണമെന്റ്, ഖത്തറിലേക്കുള്ള യാത്ര എന്നിവയെല്ലാം സംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവുയെന്നും അധികൃതർ നിർദേശിച്ചു. ഫിഫ ലോകകപ്പിലേക്ക് ലോകത്തെ മുഴുവൻ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.
ലോകകപ്പ് ആരാധകർക്കായി സുപ്രീം കമ്മിറ്റി, ഫിഫ ലോകകപ്പ് 2022 (ക്യു 22), ഫിഫ എന്നിവ ചേർന്ന് സമഗ്ര ഗൈഡ് പുറത്തിറക്കും എന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post