ഐ.എസ്.എല്ലിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാള്‍ എതിരാളികള്‍

കൊച്ചി മഞ്ഞക്കടലാകുന്നു

കൊച്ചി: ഇന്ത്യന്‍ ക്ലബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഒമ്പതാമത് സീസണിന് ഇന്ന് തുടക്കമാവും. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് കിക്കോഫ്. നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടമോഹത്തോടെ പുതിയ സീസണിനു തുടക്കമിടുമ്പോള്‍ കഴിഞ്ഞതവണ ലീഗില്‍ അവസാനസ്ഥാനക്കാരായതിന്റെ നിരാശമായ്ക്കാനാണ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം തുടങ്ങുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എല്‍. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്.
കോവിഡ് കാലത്തെ കാണികളില്ലാത്ത കളികള്‍ക്കുശേഷം ആരാധകരുടെ ആര്‍പ്പുവിളികളുടെ നടുവിലാണ് കളിപ്പൂരമെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. ഫോര്‍മാറ്റില്‍ ചെറിയ മാറ്റവുമായാണ് ഇത്തവണ ഐ.എസ്.എല്ലിന് പന്തുരുളുന്നത്. ലീഗ് റൗണ്ട് കഴിയുമ്പോള്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിയിലേക്കു കടക്കും. മൂന്നു മുതല്‍ ആറു വരെ സ്ഥാനത്തെത്തുന്ന ടീമുകളില്‍നിന്ന് ഒറ്റപ്പാദ പ്ലേഓഫിലൂടെ രണ്ടു ടീമുകള്‍കൂടി അവസാന നാലില്‍ ഇടംപിടിക്കും. കഴിഞ്ഞതവണ അങ്കംവെട്ടിയ 11 ടീമുകള്‍തന്നെയാണ് ഈ സീസണിലും കളത്തില്‍. ബ്ലാസ്റ്റേഴ്‌സിനെയും ഈസ്റ്റ് ബംഗാളിനെയും കൂടാതെ ഹൈദരാബാദ് എഫ്.സി, എ.ടി.കെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, എഫ്.സി ഗോവ, മുംബൈ സിറ്റി എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ജാംഷഡ്പുര്‍ എഫ്.സി, ഒഡിഷ എഫ്.സി എന്നിവരാണ് പോരിനിറങ്ങുക.

പ്രതീക്ഷയോടെ മഞ്ഞപ്പട
സെര്‍ബിയക്കാരനായ ഇവാന്‍ വുകോമാനോവിച്ച് എന്ന ബ്ലാസ്‌റ്റേവ്‌സിന്റെ കോച്ച് കേരളത്തിന് എത്രമേല്‍ പ്രിയപ്പെട്ടവനായി എന്നതിന്റെ അടയാളപ്പെടുത്തലാകും ഇത്തവണത്തെ ഐ.എസ്.എല്‍. ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റുതീര്‍ന്ന പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരിക്കുന്നത് വുകോ ഒരുക്കിയ കളിതന്ത്രങ്ങള്‍ കാണാനാണ്. ലഭ്യമായ കളിക്കാരെ അവരുടെ മികവിന്റെ പാരമ്യത്തില്‍ ഉപയോഗിക്കാനുള്ള വുകോയുടെ കഴിവ് കഴിഞ്ഞ സീസണില്‍ കണ്ടതാണ്. അന്നത്തെ ടീമിലുണ്ടായിരുന്ന അല്‍വാരോ വാസ്‌ക്വസിനെയും ഹോര്‍ഗെ ഡയസിനെയും പോലുള്ള താരങ്ങള്‍ ഇത്തവണ ടീമിലില്ല. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിര്‍ത്തിയപ്പോള്‍ 12 പേര്‍ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളതെന്നതും വുകോയുടെ ഗെയിം പ്ലാനിന്റെ സൂചനയാണ്

Exit mobile version