പാലക്കാട്: വടക്കാഞ്ചേരിയിലെ ബസ് അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോജോ പത്രോസിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അതേസമയം, അപകടമുണ്ടാക്കിയ ബസിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍. അശോകന്‍ അറിയിച്ചു. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമേ ഇയാള്‍ക്കെതിരെ കേസെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 4 കുട്ടികളടക്കം 9 പേര്‍ മരിച്ചിരുന്നു. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ എറണാകുളം ഇലഞ്ഞി അന്ത്യാല്‍ പൂക്കോട്ടില്‍ ജോജോ പത്രോസ് എന്ന ജോമോനെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ ചവറയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ അപകടസ്ഥലത്ത് നിന്നു കടന്നുകളഞ്ഞത്. ഇതുള്‍പ്പടെ അന്വേഷിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.