യുഎസില്‍ കാണാതായ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് സൂചന

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

അമേരിക്ക: വടക്കന്‍ കാലിഫോര്‍ണിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചുവെന്നും ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.
ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), മകള്‍ അരൂഹി ദേരി (8 മാസം), ബന്ധു അമന്‍ദീപ് സിങ് (39) എന്നിവരാണ് മരിച്ചത്. വടക്കന്‍ കാലിഫോര്‍ണിയയിലെ മെഴ്സഡ് കൗണ്ടിയില്‍ ട്രക്കിങ് കമ്പനിയില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. രാവിലെ 8.30ഓടെ ജസ്ദീപും 8.40ഓടെ അമന്‍ദീപും ജസ്ദീപിന്റെ ഉടമസ്ഥതയിലുള്ള ട്രക്കിങ്ങ് കമ്പനിയില്‍ എത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. ശേഷം 9 മണിയോടെ ജസ്പ്ദീപ് ഒരാളുമായി തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് അയാള്‍ ഒരു തോക്ക് പുറത്തെടുക്കുന്നതും വിഡിയോയില്‍ കാണാം. മിനിട്ടുകള്‍ക്ക് ശേഷം കൈകള്‍ കെട്ടിയ നിലയില്‍ ജസ്ദീപും അമന്‍ദീപും കെട്ടിടത്തില്‍ നിന്ന് പുറത്തുവരികയും ഇവരെ ട്രക്കില്‍ കയറ്റികൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. 6 മിനിട്ടിനു ശേഷം തിരികെവരുന്ന ട്രക്കില്‍ നിന്ന് ഒരാള്‍ കമ്പനി കെട്ടിടത്തിലേക്ക് കയറി ജസ്ലീന്‍ കൗറിനെയും മകളെയും തോക്കിന്മുനയില്‍ നിര്‍ത്തി ട്രക്കിലേക്ക് കയറ്റുന്നുണ്ട്. ശേഷം ട്രക്ക് വീണ്ടും ഓടിച്ചുപോകുന്നതും കാണാം.
തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചവരില്‍ രണ്ട് പേരുടെ മൊബൈല്‍ ഫോണുകള്‍ റോഡില്‍ നിന്ന് ഒരു കര്‍ഷകന് ലഭിച്ചിരുന്നു. ഇതിലേക്ക് വന്ന ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത കര്‍ഷകന്‍ ആ ബന്ധുവിനോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ കുടുംബാംഗങ്ങളില്‍ ഒരാളുടെ എടിഎം കാര്‍ഡില്‍ നിന്ന് ആരോ പണം പിന്‍വലിച്ചിരുന്നു. ഇതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഇതിന് പിന്നാലെയാണ് പ്രതി ഹെയ്‌സൂസ് മാനുവല്‍ സല്‍ഗാഡോ (48) പിടിയിലായത്. എന്നാല്‍ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടാവുമെന്ന സംശയത്തിലാണ് പോലീസ്.
ഇന്ത്യാന റോഡിനും ഹച്ചിന്‍സണ്‍ റോഡിനും സമീപത്തുള്ള തോട്ടത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തോട്ടത്തിലെ ജോലിക്കാരനാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്.
കൊലയ്ക്കു പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, സ്ഥാപനത്തില്‍ നിന്ന് യാതൊന്നും മോഷണം പോയിട്ടില്ല. 2005 ല്‍ മോഷണക്കേസില്‍ പ്രതിയായിരുന്ന ഹെയ്‌സൂസ് മാനുവല്‍ സല്‍ഗാഡോ 2015 വരെ തടവുശിക്ഷ അനുഭവിച്ചിരുന്നു. ലഹരിവസ്തു കൈവശം വച്ചതിനും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

 

 

Exit mobile version