ദോഹ: ലോകമെങ്ങും ആവേശത്തോടെ കാത്തിരിക്കുന്ന, നാലുവർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഫുട്ബോളിന്റെ വിശ്വമേളയ്ക്കായി ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. അത്തർപൂശിയൊരുങ്ങിയ ഹൂറിയെപ്പോലെ സുന്ദരിയായ ഖത്തറിന്റെ മണലാരണ്യങ്ങളിൽ ലോകകപ്പിന്റെ ആവേശക്കൊടി ഉയരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. കാല്‍പ്പന്തിന്റെ സുല്ത്താന്മാരുടെ മാസ്മരിക പ്രകടനത്തിന് കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
ഏഷ്യന്‍ ഭൂഖണ്ഡത്തിലേക്ക് രണ്ടാം തവണയാണ് ഫുട്ബോള്‍ ലോകകപ്പ് വിരുന്നെത്തുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യം ആദ്യമായാണ് ഫുട്ബോളിന്റെ വിശ്വമേളയ്ക്ക് ആതിഥ്യമരുളുന്നത്.ഇക്കുറി പ്രത്യേകതകളേറെയാണ്. സാധാരണ വേനല്‍ക്കാലത്താണ് ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പക്ഷേ, ഖത്തറിലെ ചൂടേറ്റ് താരങ്ങള്‍ വാടുന്നത് പരിഗണിച്ച്, ഇക്കുറി മത്സരങ്ങള്‍ ശൈത്യകാലത്തേക്ക് മാറ്റുകയായിരുന്നു.ആദ്യമായാണ് മഞ്ഞുപൊഴിയുന്ന നവംബര്‍ ലോകകപ്പിനെ വരവേല്‍ക്കുന്നത്.
റെക്കാർഡിട്ട ഒരുക്കങ്ങൾ
32 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പിനായി പത്തുവര്‍ഷം മുമ്പെ ഖത്തർ ഒരുങ്ങിത്തുടങ്ങി. ഇതുവരെ ലോകരാജ്യങ്ങൾ കാണാത്ത അതിഗംഭീരമായ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ലോകത്താദ്യമായി എയര്‍ കണ്ടീഷന്‍ഡ് കണ്ടെയ്നര്‍ സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
ഇതിനായി തലസ്ഥാനമായ ദോഹയില്‍ 50 കിലോമീറ്റര്‍ ചുറ്റളവില്‍ എട്ട് അടിപൊളി സ്റ്റേഡിയങ്ങൾ നിർമ്മിച്ച് സജ്ജമാക്കി. ഇതോടെ ലോകകപ്പ് കാലങ്ങളായി നേരിട്ടിരുന്ന വലിയൊരു അസൗകര്യത്തിനും അറുതിയായി. വിദേശത്ത് നിന്നെത്തുന്ന ആരാധകര്‍ക്കും കളിക്കാര്‍ക്കും ഒഫിഷ്യലുകള്ക്കുമെല്ലാം ടൂര്‍ണമെന്റിലുടനീളം ഒരിടത്തുതന്നെ താമസിക്കാം. മാറുന്ന മത്സരവേദിക്കനുസരിച്ച് കിടപ്പാടം മാറ്റി ബുദ്ധിമുട്ടേണ്ടി വരില്ല.ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ഏര്‍പ്പാട്.
അറബ് ടച്ച്
ആദ്യമായൊരു മുസ്ളിം രാജ്യം ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ അറബ് സംസ്കാരത്തിന്റെ തനിമ പ്രതിഫലിക്കുന്നുണ്ട്.സ്റ്റേഡിയം, ഭാഗ്യചിഹ്നം, ഔദ്യോഗിക ഗാനം എന്നിവയിലെല്ലാം ഒരു അറബ് ടച്ചുണ്ട്. അറബികളുടെ ശിരോവസ്ത്രത്തിന്റെ രൂപത്തിലാണ് ലഈബ് എന്ന ഭാഗ്യചിഹ്നം പിറന്നത്.മികവുറ്റ കളിക്കാരന് എന്നാണ് ഈ അറബി വാക്കിന്റെ അര്‍ത്ഥം.
ഖത്തറില്‍ ഉരുളുന്ന പന്തിനുമുണ്ട് പ്രത്യേകത. അല്‍ റിഹ് ല എന്നാണിതിന്റെ പേര്. യാത്ര എന്നാണ് അല്‍ റിഹ് ല എന്ന വാക്കിന്റെ അര്‍ത്ഥം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന ടാഗ് ലൈനോടെയാണ് അഡിഡാസ് ഇതിനെ അവതരിപ്പിച്ചത്.
കിക്കോഫ്
നവംബര്‍ 20 നാണ് ഖത്തര്‍ ലോകകപ്പിന് കിക്കോഫ്. ആദ്യം നവംബര്‍ 21ന് തുടങ്ങാനായിരുന്നു പദ്ധതി. ഗ്രൂപ്പ് എ യിലെ നെതര്‍ലന്‍ഡ്സ്-സെനഗല്‍ പോരാട്ടമായിരുന്നു ഉദ്ഘാടന മത്സരമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആതിഥേയരായ ഖത്തറിന് ഉദ്ഘാടനമത്സരത്തില്‍ കളിക്കാന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയാണ് മത്സരക്രമം മാറ്റിയത്. ഇതനുസരിച്ച് ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടും. കഴിഞ്ഞ നാല് ലോകകപ്പിലും ആതിഥേയരായ ടീമാണ് ആദ്യ മത്സരം കളിച്ചത്. ഇത്തവണ അതിന് മാറ്റം വരുത്തേണ്ടെന്ന് കരുതിയാണ് ടൂര്‍ണമെന്റ് ഒരുദിവസം മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫൈനല്‍ അടക്കമുള്ള മറ്റുമത്സരങ്ങള്‍ക്ക് ഒരു മാറ്റമില്ല. ഫൈനല്‍ നേരത്തേ തീരുമാനിച്ച പ്രകാരം ഡിസംബര്‍18ന് തന്നെ നടക്കും.
ഫിഫയുടെ ജെൻഡർ ഇക്വാളിറ്റി
ഖത്തര്‍ ലോകകപ്പില്‍ ഫിഫ മറ്റൊരു ചരിത്രദൗത്യവും നിറവേറ്റും. ലോകകപ്പിലാദ്യമായി വനിതകള്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. റഫറിമാരും അസിസ്റ്റന്റ് റഫറിമാരും ഉള്‍പ്പെടെ ആറുപേരെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ജെന്‍ഡര്‍ ഇക്വാളിറ്റിക്ക് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ഫിഫ അത് സ്വയം നടപ്പാക്കി മാതൃക കാട്ടുകയാണ്.
മെസിയോ റൊണാൾഡോയോ
ഖത്തറില്‍ ഫുട്ബോള്‍ലോകത്തെ അക്ഷമരാക്കുന്ന, ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തുന്ന കാര്യം ഇതൊന്നുമല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്ച്ചുഗലാണോ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയാണോ ഇക്കുറി കപ്പു നേടുക എന്ന ചോദ്യമാണ് ഫുട്ബോള്‍ പ്രേമികളുടെ ഉറക്കം കെടുത്തുന്നത്. ഇനിയൊരു ലോകകപ്പിന് ഇരുവര്‍ക്കും ബാല്യമുണ്ടാകിനിടയില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഖത്തര്‍ ലോകകപ്പില്‍ കിരീടം ചൂടി മംഗളം പാടി കരിയര്‍ അവസാനിപ്പിക്കാനാകും ഇതിഹാസങ്ങളുടെ ശ്രമം. മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമല്ല, ലൂക്ക മോഡ്രിച്ച്, കരീം ബെന്‍സമ, മാനുവല്‍ നൂയര്‍ തുടങ്ങിയ വമ്പന്താരങ്ങളടെയും അവസാന ലോകകപ്പാകും ഇത്.
അസൂറികളുടെ അഭാവം
ഖത്തറിന്റെ പ്രധാന നഷ്ടങ്ങളിലൊന്ന് അസൂറിപ്പടയുടെ അഭാവമാണ്. ഇറ്റലിയില്ലാത്ത ലോകകപ്പ് യഥാര്‍ത്ഥത്തില്‍ ഖത്തറിന്റെ മാത്രമല്ല ഫുട്ബോളിന്റെ നഷ്ടം കൂടിയാണ്. ടൂര്‍ണമെന്റിലെ ഫേവറൈറ്റുകളായ ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, സ്പെയിന് എന്നിവരെല്ലാം കച്ചമുറുക്കി തയാറെടുക്കുകയാണ്.മരണ ഗ്രൂപ്പില്ലാതെയാണ് ഇത്തവണ ഖത്തര്‍ ലോകകപ്പ് ബൂട്ടണിയുന്നത്. എങ്കിലും കറുത്ത കുതിരകളാകാന്‍ പോന്ന പല കുഞ്ഞന്മാരും ടൂര്‍ണമെന്റില്‍ ഇടം നേടിയിട്ടുണ്ട്.
Discussion about this post