ലണ്ടന്‍: ഐഫോണുകള്‍, എയര്‍പോഡുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്പന്നങ്ങളിലും യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കി യൂറോപ്യന്‍ പാര്‍ലമെന്റ്. 2024 അവസാനത്തോടെ ഇത് പ്രാവര്‍ത്തികമാക്കുന്നതിന് പാര്‍ലമെന്റ് പ്രമേയം പാസാക്കി. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് ഈ നിയമം. ഇതോടുകൂടി ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ക്കെല്ലാം ഒരു ചാര്‍ജര്‍ ഉപയോഗിച്ചാല്‍ മതിയാവും.
100 വാട്സ് വരെ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍, ടാബ് ലെറ്റുകള്‍, ഹെഡ്ഫോണുകള്‍, ഹെഡ്സെറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വീഡിയോ ഗെയിമിങ് കണ്‍സോളുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്കെല്ലാം യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കും. ഇതോടെ അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ ചാര്‍ജിങ് സമയമാവും ഉണ്ടാവുക.