കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. നാവികസേനയാണ് 200 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയത്. ഇറാന്‍, പാകിസ്താന്‍ പൗരന്മാരായ രണ്ട് പേരാണ് പിടിയിലായത്. ഇരുവരെയും പിന്നീട് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യ്ക്ക് കൈമാറി.
പുറംകടലില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി എത്തിയ ബോട്ട് നാവികസേന പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പരിശോധിച്ചതോടെ കോടിക്കണക്കിന് രൂപയുടെ ഹെറോയിന്‍ കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് മട്ടാഞ്ചേരിയില്‍ എത്തിച്ചു.
പിടിയിലായവരുടെ പക്കല്‍ യാതൊരുവിധ തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നില്ല. പിന്നീട് ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ ഇറാന്‍, പാക് സ്വദേശികളാണെന്ന് മനസ്സിലായത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും എന്‍.സി.ബി.യും വിശദമായി ചോദ്യം ചെയ്തുവരികയാണ്.