ബാങ്കോക്ക്: തായ് ലാൻഡിലെ ഡേ കെയറിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ കൂട്ട വെടിവയ്പിൽ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ 34 പേർക്ക് ദാരുണാന്ത്യം. തായ് ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഡേ കെയർ സെന്ററിലാണ് വെടിവയ്പുണ്ടായത്. 22 കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് അധ്യാപകരും ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിലൊരു അധ്യാപിക എട്ടുമാസം ഗർഭിണിയായിരുന്നു.
30 കുട്ടികളാണ് ഡേ കെയറിൽ ഉണ്ടായിരുന്നത്. സ്വന്തം ഭാര്യയെയും കുട്ടിയെയും വെടിവച്ചു കൊന്ന ശേഷമാണ് അക്രമി ഡേ കെയറിലെത്തി വെടിവയ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. അന്നേരം ഡേ കെയറിലെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. സെന്ററിലെത്തിയ അക്രമി കുട്ടികളുടെ നേർക്ക് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാനും കുറ്റവാളിയെ പിടികൂടാനും പ്രധാനമന്ത്രി എല്ലാ ഏജൻസികൾക്കും നിർദ്ദേശം നൽകി. മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ നിന്ന് പിരിച്ചുവിട്ടയാളാണ് അക്രമി എന്നാണ് അറിയുന്നത്.
മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തായ്ലൻഡിൽ തോക്കുടമകൾ കൂടുതലാണ്. എന്നാൽ കൂട്ട വെടിവയ്പുകൾ ഇവിടെ അപൂർവമാണ്. ഔദ്യോഗിക കണക്കുകളിൽ അനധികൃത ആയുധങ്ങളുടെ വിവരങ്ങളില്ല. അവയിലേറെയും അയൽരാജ്യങ്ങളിൽ നിന്ന് കടത്തപ്പെട്ടതാണ്.
Discussion about this post