ന്യൂഡല്‍ഹി: ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മരുന്നു നിര്‍മ്മാണ കമ്പനിയുടെ ചുമയ്ക്കുള്ള നാല് സിറപ്പുകളുടെ മേല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഗാംബിയയില്‍ മരിച്ച 66 കുട്ടികളുടെ മരണവുമായി ഇതിന് ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
ചുമയ്ക്കുള്ള സിറപ്പുകളെ കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) സെപ്തംബര്‍ 29ന് മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ഉടന്‍ തന്നെ ഹരിയാന റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.
ഹരിയാനയിലെ സോനെപത്തിലുള്ള എം/എസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡാണ് ചുമയ്ക്കുള്ള സിറപ്പുകള്‍ നിര്‍മ്മിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ കമ്പനി ഉല്‍പ്പന്നങ്ങള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇതുവരെയും ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഈ കമ്പനി തയ്യാറായിട്ടില്ല. സിറപ്പുകള്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തിന് പുറത്ത് വിതരണം ചെയ്തിരിക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച്, പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് നാല് സിറപ്പുകള്‍. ഇന്ന് വരെ ഈ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഇതിന്റെ നിര്‍മ്മാതാവ് ലോകാരോഗ്യ സംഘടനയ്ക്ക് ഗ്യാരണ്ടി നല്‍കിയിട്ടില്ല. ഇവയുടെ സാമ്പിള്‍ പരിശോധനയില്‍ നിന്ന് അസ്വീകാര്യമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇതിന്റെ ഫലമായി വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, തലവേദന, മൂത്രതടസ്സം മുതലായ രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല ഇത് മാനസികാവസ്ഥയെയും ബാധിച്ചേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുവരെ നടന്ന 66 മരണങ്ങളുടെ കൃത്യമായ കാരണം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല.
Discussion about this post