വടക്കാഞ്ചേരി ബസ്സ് അപകടം; വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

അപകടത്തിൽ കുട്ടികൾ മരിച്ചത് വേദനാജനകമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ ജീവൻ നഷ്ടമായ വാഹനാപകടം ആരെയും ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ വിനോദയാത്രയ്ക്ക് പോയ കുട്ടികളും ഉൾപ്പെടുത്തുന്നുവെന്നുള്ളത് വേദനാജനകമാണ്. അപകടത്തിന്റെ കാര്യം വിശദമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

PINARAYI VIJAYAN

അപകടത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർക്ക് ചുമതല നൽകിയിട്ടുണ്ട്. വിനോദയാത്ര പോകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പാലിച്ചോ എന്നതുൾപ്പടെ അന്വേഷിക്കും. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ക്രമക്കേടുകൾ  നടത്തുന്ന വാഹനങ്ങളെ പിടികൂടാൻ പരിശോധന ശക്തമാക്കും. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുനിരത്തുകളിലെ നിയമ ലംഘനങ്ങൾക്കെതിരെ കർക്കശ നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നതിന് വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ കർമ്മനിരതരായി രംഗത്തുണ്ട്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

Exit mobile version