P A P I C H A
1990കളിലെ അൾജീരിയൻ ആഭ്യന്തര കലാപങ്ങളുടെ നടുവിൽ നിന്നുകൊണ്ട് പെൺപോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ”പാപ്പിച്ച”. 2019ലെ കാൻ ഫിലിം ഫെസ്റ്റിവലിലും കഴിഞ്ഞ വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളിലൊന്നാണിത്.മോനിയ മെഡോർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ”പാപ്പിച്ച” ഫീച്ചർ സിനിമയിലേക്കുള്ള സംവിധായികയുടെ ആദ്യത്തെ കാൽവയ്പ്പുകൂടിയാണ്.
സിനിമയിലേക്ക് വരുമ്പോൾ 90കളിലെ അൾജീരിയയുടെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഭരണകൂടം എത്രമാത്രം അടിച്ചമർത്തലുകൾക്ക് വിധേയമാക്കുന്നുണ്ടെന്ന് പാപ്പിച്ച ചർച്ച ചെയ്യുന്നു.സ്ത്രീയും പുരുഷനും ഒരുപോലെ വിലക്കുകൾ നേരിടേണ്ടി വന്നിരുന്ന അക്കാലത്ത് ഭൂരിപക്ഷത്തോടും ഭരണകൂടത്തോടും നിലവിലെ വ്യവസ്ഥിതിയോടു തന്നെ ഒട്ടും സമരസപ്പെടാൻ തയ്യാറല്ലാത്ത സ്വന്തം വിശ്വാസങ്ങളെ മുറുകെപിടിക്കുന്ന ഒരുകൂട്ടം പെൺകുട്ടികളുടെ കഥയാണിത്.
പാപ്പിച്ച എന്ന വാക്കിനർത്ഥം സുന്ദരിയായ മോഡേണായ യുവതി എന്നാണ്. എന്നാൽ കേവലം ഒരു സുന്ദരിയുടെ കഥയല്ല, പകരം ഒരു സമൂഹം മുഴുവൻ അനുഭവിക്കുന്ന അരക്ഷിതാവസ്‌ഥയെയാണ് മോനിയ മെഡോർ സ്‌ക്രീനിലെത്തിക്കുന്നത്.നജ്മയും വസീലയും സമീറയും അവരിൽ ചിലർ മാത്രം.മോഡേൺ വസ്ത്രങ്ങൾ ധരിക്കാനിഷ്ടപ്പെടുന്ന നൈറ്റ് ക്ലബ് പാർട്ടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരാണ് ഇവരെല്ലാം. സമൂഹം പെൺകുട്ടികൾക്ക് നിഷിദ്ധമാക്കിയിരിക്കുന്ന സകല കുരുക്കുകളെയും പൊട്ടിച്ചെറിഞ്ഞ് മുന്നോട്ട് പോകാൻ ശ്രമിക്കുന്നവരാണ് നജ്മയും വസീലയും. എന്നിരുന്നാലും ഭൂരിപക്ഷത്തിന്റെ മുന്നിൽ അവർക്കത് പ്രകടിപ്പിക്കാൻ കഴിയുന്നില്ല. അൾജീരിയയുടെ ആഭ്യന്തര സംഘർഷത്തിന് പരിഹാരം കാണാൻ തങ്ങൾക്കു കഴിയില്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിലൂടെ അത് നേടിയെടുക്കാനാകും എന്ന പ്രതീക്ഷയാണ് നജ്മ എന്ന ഫാഷൻ ഡിസൈനർക്ക് വ്യവസ്ഥിതിയോടു കലഹിക്കാനുള്ള ഊർജ്ജം പകരുന്നത്. ഇഷ്ടമുള്ളത് ധരിക്കുന്നവരെയും കഴിക്കുന്നവരെയും ഭരണകൂടവും വ്യവസ്ഥിതിയും പറയുന്നതനുസരിച്ച് അടങ്ങിയൊതുങ്ങാൻ താല്പര്യമില്ലാത്തവരെയും കൊല്ലുകയും മോശക്കാരാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമയിൽ.ഈ യാഥാസ്ഥിതിക സമൂഹം കൂടുതൽ കൂടുതൽ നിരോധനങ്ങളേർപ്പെടുത്തുമ്പോൾ പ്രതിഷേധമെന്നോണം നജ്മയും കൂട്ടരും ഫാഷൻ ഷോ നടത്തുന്നു. എന്നാൽ തങ്ങളുടെ നിയന്ത്രണാധികാരം നിഷേധിച്ച നജ്മയെയും കൂട്ടരെയും വ്യവസ്ഥിതി അടിച്ചമർത്താൻ ശ്രമിക്കുന്നു. പക്ഷേ, പോരാട്ടം കൂടുതൽ ശക്തിയോടെ ഊർജ്ജസ്വലതയോടെ വ്യവസ്ഥിതിക്കെതിരെ വിപ്ലവം സൃഷ്ടിക്കുമെന്ന പ്രത്യാശയോടെയാണ് ചിത്രം അവസാനിക്കുന്നത്.
ഒരു വനിതാ സംവിധായകയായത് കൊണ്ട് തന്നെ സ്ത്രീ വികാരങ്ങളെയും അവളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പ്രതിഷേധങ്ങളെയും പുരുഷന്റെ ഫാന്റസികളില്ലാതെ വ്യക്തമായി അരങ്ങിലെത്തിച്ചിട്ടുണ്ട്. സിനിമയുടെ മൂഡിനോട് ചേർന്ന പശ്ചാത്തല സംഗീതം, അതിവേഗം കഥ പറയുന്ന രീതി, ലൈറ്റിംഗ് എന്നിവ ചിത്രത്തിന് പ്രത്യേകമായൊരു ട്രീറ്റ്മെന്റ് നൽകുന്നുണ്ട്. കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച അഭിനേതക്കളെല്ലാം മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. നജ്മയായി അരങ്ങിലെത്തിയ Lyna Khoudriയ്ക്ക് ഈ ചിത്രത്തിലൂടെ മോസ്റ്റ് പ്രോമിസിംഗ് ആക്ടറസ്സിനുള്ള സീസ്സർ അവാർഡ് ലഭിച്ചു.കൂടാതെ മികച്ച ആദ്യ ഫീച്ചർ ഫിലിമിന് നൽകുന്ന സീസ്സർ അവാർഡും ഹ്യുമാനിറ്റേറിയൻ അവാർഡും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. എല്ലാവരും ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള ഒരു ട്രീറ്റ്മെന്റല്ല ഈ സിനിമയുടേത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഫിക്ഷനാണ് ചിത്രം. വ്യക്തമായി രാഷ്ട്രീയം പറയുന്നതിനോടൊപ്പം തന്നെ ലോകമാകെ കത്തിപ്പടരുന്ന പെൺ പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ചിത്രം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ പാപ്പിച്ചയുടെ സ്ഥാനം ഏറെ മുന്നിലാണ്.