ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. നാലു ഭീകരവാദികളെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കറെ തയിബ ഭീകരനെയുമാണ് വധിച്ചത്.ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച് മേഖലയിലാണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടൽ ഇതുവരെ അവസാനിച്ചിട്ടില്ല. മൂളു മേഖലയിലെ ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരനെ വധിച്ചത്. ഇവിടെ ഇന്നു രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ദ്രാച് മേഖലയില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരവാദികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷീദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പുല്‍വാമയില്‍ കഴിഞ്ഞദിവസം സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ജാവേദ് ദര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ളവരാണ് ഹനാനും ജംഷീദുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.