അച്ചടക്ക ലംഘനം; മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

സസ്പെന്‍ഡ് ചെയ്തത് ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാബിനെ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഒരു കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
സ്‌കൂട്ടറിലെത്തിയ ഒരാള്‍ കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്ത് വഴിയരികില്‍ കൊട്ടയില്‍ മൂടിയിട്ടിരുന്ന മാമ്പഴങ്ങളാണ് ഷിഹാബ് മോഷ്ടിച്ചത്. വണ്ടി നിര്‍ത്തിയ ശേഷം ഷിഹാബ് മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി കടയുടമ നാസര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. 600 രൂപ വിലവരുന്ന പത്തുകിലോയോളം മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്.
പൊലീസ് സേനക്ക് കളങ്കം ചാര്‍ത്തിയെന്നും പൊലീസുകാരന് യോജിക്കാത്ത അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഷിഹാബിനെതിരെ നടപടി. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

 

 

 

Exit mobile version