സംശയരോഗിയായ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ്

കോയമ്പത്തൂര്‍: മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കോയമ്പത്തൂര്‍ പി.എന്‍.പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ശിവനന്ദ കോളനിയിലെ വി. നാന്‍സി (32)യെയാണ് ഭര്‍ത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്. നാന്‍സി ജോലി ചെയ്യുന്ന ആശുപത്രി വളപ്പില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് വിനോദ് കൊലനടത്തിയത്. സംഭവത്തില്‍ വിനോദിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്സ് പോലീസ് അറിയിച്ചു.
ദാമ്പത്യപ്രശ്നങ്ങള്‍ മൂലം ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞായിരുന്നു താമസം. ഇതിനിടെയാണ് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാന്‍സി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വിനോദ് എത്തിയത്. തുടര്‍ന്ന് മറ്റൊരാളുമായി നാന്‍സിയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച് വിനോദ് വഴക്കുണ്ടാക്കി. എന്നാല്‍ നാന്‍സി ഇതിനോട് പ്രതികരിക്കാതിരിക്കുകയും എത്രയും വേഗം ആശുപത്രിയില്‍ നിന്ന് പോകാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിനോദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നാന്‍സിയുടെ കഴുത്തില്‍ കുത്തിയത്. യുവതി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് പറയുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
അറസ്റ്റിലായ വിനോദ് നഗരത്തില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലിചെയ്യുകയാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. വിനോദിനൊപ്പമാണ് മകള്‍ താമസിക്കുന്നത്.

 

Exit mobile version