ജക്കാർത്ത: ഇൻഡൊനീഷ്യയിലെ മലാങിൽ കഞ്ചുരുഹാൻ സ്റ്റേഡിയത്തിൽ നടന്ന ലീഗ് സോക്കർ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 174 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.
ഈസ്റ്റ് ജാവയിലെ മലാങിൽ വെച്ച് അരേമ എഫ്.സിയും പെർസേബായ സുരാബായ എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ആരാധകർ ഏറ്റുമുട്ടിയത്.
ബദ്ധവൈരികളായ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സുരാബായ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല.
അരേമയുടെ ഹോംഗ്രൌണ്ടിലാണ് മത്സരം നടന്നത്.
ഇരുടീമുകളും മത്സരിക്കുമ്പോൾ പതിവായി സുരാബായയാണ് തോൽക്കാറുള്ളത്.
എന്നാൽ ഒക്ടോബർ ഒന്ന് ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ അരേമ എഫ്.സി 3-2ന് തോറ്റിരുന്നു.23 വർഷത്തിനിടെ ആദ്യമായാണ് ഹോംഗ്രൌണ്ടിൽ നടക്കുന്ന മത്സരത്തിൽ അരേമ തോറ്റത്. മത്സരം തോറ്റതിന്റെ ദേഷ്യത്തിൽ ആരാധകർ സ്റ്റേഡിയത്തിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു. ഇതിന് പിന്നാലെ മൂവായിരത്തിലധികം ആരാധകർ ഗ്രൗണ്ടിലേയ്ക്ക് ഇരച്ചുകയറുകയും പോലീസ് വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. ഇൻഡൊനീഷ്യൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ ആളുകൾ സ്റ്റേഡിയത്തിൽ പരക്കം പാഞ്ഞതോടെ തിക്കും തിരക്കും ശക്തമായി. ഇതാണ് കൂട്ടമരണത്തിനിടയാക്കിയതെന്നാണ് വിലയിരുത്തൽ.
സ്റ്റേഡിയത്തിനുള്ളിൽ കണ്ണീർവാതകം പ്രയോഗിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചുകൊണ്ടാണ് പൊലീസ് വാതകം പ്രയോഗിച്ചത്. പോലീസ് ട്രക്കുകളും മറ്റു പതിമ്മൂന്നോളം വാഹനങ്ങളും അക്രമികൾ തീയിട്ട് നശിപ്പിച്ചു. ഇതുവരെ 174 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.ചുവപ്പും നീലയും ജഴ്‌സിയണിഞ്ഞ ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്ന സുരക്ഷാ വിഭാഗത്തെ ആക്രമിക്കാനൊരുങ്ങിയതോടെയാണ് കണ്ണീർവാതകം പ്രയോഗിച്ചതെന്നാണ് പോലീസ് ഭാഷ്യം.
ഫുട്ബോളിലെ കറുത്ത ദിനമാണിതെന്ന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. വിവിധ ഫുട്ബോൾ സംഘടനകളും ക്ലബ്ബുകളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ വിശദമായ അന്വേഷണത്തിന് ഇൻഡൊനീഷ്യ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി സൈനുദ്ദീൻ അമാലി ഉത്തരവിട്ടിട്ടുണ്ട്.
മത്സരം കാണാൻ ഏകദേശം 42500 ഓളം ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ 38000 പേർക്ക് മാത്രം ഇരിക്കാവുന്ന സ്റ്റേഡിയമാണിത്. ഇവിടെ 42000ൽ അധികം പേർ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടുത്തയാഴ്ച നടത്തേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും മാറ്റിവെച്ചതായി ഇൻഡൊനീഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
ഫുട്ബോൾ കളിക്കളം കുരുതിക്കളമായി, പൊലിഞ്ഞത് 174 ജീവൻ
ഇൻഡൊനീഷ്യൻ ലീഗ് സോക്കർ മത്സരത്തിനിടെ ആരാധകർ തമ്മിൽ സംഘർഷം
