തലശ്ശേരി∙ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കൻ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ എത്തി. തളർന്നു കിടക്കുന്ന പുഷ്പനെ പാർട്ടി പ്രവർത്തകർ എടുത്തുകൊണ്ടുവന്നപ്പോൾ തല ചരിച്ച് പുഷ്പൻ ആ മുഖത്തേക്ക് നോക്കി. രണ്ടരപ്പതിറ്റാണ്ടിലേറെയായി അവശതയുടെ കിടക്കയിൽ കഴിയുന്ന തനിക്ക് താങ്ങായും കരുത്തായും എന്നും ഉണ്ടായിരുന്ന പ്രിയ സഖാവിന് ഹൃദയം കൊണ്ട് അന്ത്യാഭിവാദ്യങ്ങൾ നേർന്നു.
പുഷ്പൻ എത്തിയപ്പോൾ വികാരനിർഭര രംഗങ്ങൾക്കാണ് ടൗൺഹാൾ സാക്ഷ്യം വഹിച്ചത്. കിടന്ന കിടപ്പിൽ പുഷ്പൻ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ മുദ്രാവാക്യങ്ങളുമായാണു പാർട്ടി പ്രവർത്തകർ അതിനോട് അണിചേർന്നത്.
ആയിരങ്ങളാണ് കോടിയേരിയെ അവസാനമായി കാണാൻ ടൗണ്‍ഹാളിലേക്ക് എത്തിയത്.
കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രീയഭേദമന്യേ നേതാക്കളെല്ലാം ഒഴുകിയെത്തി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും കോടിയേരിക്ക് അന്ത്യാഞ്ജിലി അർപ്പിക്കാൻ ടൗൺഹാളിലെത്തി. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസും ടൗൺഹാളിലെത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു. ആർഎംപി നേതാവ് കെ.കെ. രമയും ടൗൺഹാളിലെത്തി കോടിയേരിക്കു യാത്രാമൊഴിയേകി.