കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവും മുൻ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.
ചെന്നൈയിൽനിന്നുള്ള എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷയും അകമ്പടിയും ഒരുക്കിയിരുന്നു. വിലാപയാത്ര തലശ്ശേരി ടൗൺ ഹാൾ പരിസരത്ത് എത്തിയപ്പോൾ ബ്യൂഗിൾ സല്യൂട്ടോടെയാണു പൊലീസ് അഭിവാദ്യം ചെയ്തത്. രാത്രി ടൗൺ ഹാളിൽ നിന്നു കോടിയേരിയുടെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോഴും പൊലീസ് ബ്യൂഗിൾ സല്യൂട്ട് നൽകി.
നേതാവിനെ ഒരുനോക്ക് കാണാൻ ഈങ്ങയിൽപ്പീടികയിലെ വീട്ടിലേക്കും ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ് . വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും.വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം.
ഇന്ന് 10 മണിക്ക് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കോടിയേരിക്ക് അന്ത്യോപചാരമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും.

കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. പയ്യാമ്പലം കടൽത്തീരത്ത് പ്രിയനേതാവിന് ചിതയൊരുങ്ങും.
കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയടെ സംസ്കാരം. ഇവിടെ സ്‌മൃതിമണ്ഡപവും പണിയും.
.
Discussion about this post