ദുബായ്: അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എം.രാമചന്ദ്രന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു രണ്ടു ദിവസമായി അദ്ദേഹം ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് ദുബായിയില്‍. ഇന്ദിരയാണ് ഭാര്യ. ഡോ.മഞ്ജു, ശ്രീകാന്ത് എന്നിവര്‍ മക്കളാണ്.തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ് രാമചന്ദ്രന്‍. ബിസിനസിലേക്ക് കടക്കുന്നതിന് മുന്‍പ് ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം പിന്നീടാണ് അറ്റ്‌ലസ് ജ്വല്ലറി ആരംഭിച്ചത്. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തില്‍ സ്വയം പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹം പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനായി. യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി അന്‍പതോളം ഷോറൂമുകള്‍ അറ്റ്‌ലസ് ജ്വല്ലറിയ്ക്ക് ഉണ്ടായിരുന്നു. യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലും ശാഖകളുണ്ടായിരുന്നു. ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര നിര്‍മാണം തുടങ്ങിയ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തി. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ്, 2 ഹരിഹര്‍ നഗര്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹമാണ് നിര്‍മ്മിച്ചത്.
മൂന്നര ബില്യന്‍ ദിര്‍ഹം വിറ്റുവരവുണ്ടായിരുന്നു അറ്റ്‌ലസ് ഗ്രൂപ്പിന്. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരില്‍ 2015ല്‍ അദ്ദേഹം ദുബായില്‍ തടവിലാക്കപ്പെട്ടു. ശേഷം 2018 ജൂണിലാണ് ജയില്‍ മോചിതനായത്. വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത ആയിരം കോടി രൂപയോളം (55 കോടി ദിര്‍ഹം) വരുന്ന കടം തിരിച്ചടയ്ക്കാനാകാതെ പോയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അഞ്ചുകോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതിന്റെ പേരിലാണ് ആദ്യമായി അദ്ദേഹത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ദുബായിയിലെ റിഫ, നായിഫ്, ബര്‍ദുബായി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ പരാതികള്‍ ലഭിച്ചു. അതോടെ 2015 ഓഗസ്റ്റ് 23ന് അദ്ദേഹം അറസ്റ്റിലായി. മൊത്തം 22 ബാങ്കുകള്‍ക്കും ആറ് വ്യക്തികള്‍ക്കും അറ്റ്‌ലസ് രാമചന്ദ്രന്‍ പണം നല്‍കാനുണ്ടായിരുന്നു. ഇതിനിടെ ബിസിനസില്‍ പങ്കാളികളായിരുന്ന മകള്‍ മഞ്ജുവും മരുമകന്‍ അരുണും ജയിലിലായി. സാമ്പത്തിക പ്രശ്നങ്ങള്‍ത്തന്നെയായിരുന്നു ഇവരുടെ അറസ്റ്റിനും കാരണം. പിന്നീട് മഞ്ജു ജാമ്യത്തിലിറങ്ങി. 2015 സപ്തംബര്‍ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹത്തിന്റെ ( 877 കോടി രൂപയിലേറെ) കടബാധ്യത തീര്‍ക്കാമെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് കോടതിയെ അറിയിച്ചെങ്കിലും പുരോഗതി ഉണ്ടായില്ല. ശേഷം ചെക്കുകേസുകളില്‍ പെട്ട് ദുബായ് കോടതി ഒക്ടോബര്‍ 28 ന് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചു. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്. രാമചന്ദ്രന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് യു.എ.ഇ യിലെ 19 ജ്വല്ലറി ഷോറൂമുകളുടെയും പ്രവര്‍ത്തനം തകിടം മറിയുകയും പിന്നാലെ അടച്ചിടുകയും ചെയ്തു. ആ ഷോറുമുകളില്‍ അന്ന് അമ്പത് ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണ, വജ്രാഭരണങ്ങളുണ്ടായിരുന്നു. എന്നാല്‍ കടം വീട്ടുന്നതിനായി അവ 15 ലക്ഷം ദിര്‍ഹത്തിന് വില്‍ക്കേണ്ടി വന്നു. ജീവനക്കാരില്‍ കുറെപ്പേര്‍ വീട്ടിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. ആ പണം കൊണ്ട് എല്ലാവരുടെയും ആനുകൂല്യങ്ങള്‍ നല്‍കി. ഇതിനിടയില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുകയും ചില കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരുമെല്ലാം രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ മോചനം അനിശ്ചിതമായി നീണ്ടുപോയി. പിന്നീട് കേന്ദ്രമന്ത്രി സുഷമാസ്വരാജും ഒ. രാജഗോപാല്‍ എം.എല്‍.എ.യും രാമചന്ദ്രന്റെ മോചനത്തിനായി ഇടപെട്ടിരുന്നു. പിന്നീട് ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തുകയും സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിലും ധാരണയിലെത്തിയതോടെയാണ് മോചനം സാധ്യമായതെന്നാണ് വിവരം.
ഇക്കാലയളവിലൊക്കെയും രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രനായിരുന്നു കടബാധ്യതകളെ നേരിട്ടത്. കടബാധ്യതകളൊക്കെ നീക്കി അറ്റ്‌ലസ് ജൂവല്ലറി വീണ്ടും തുറക്കുവാന്‍ പോവുകയാണെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ ആഗ്രഹം ബാക്കിയാക്കിയാണ് രാമചന്ദ്രന്‍ യാത്രയായത്.
Discussion about this post