ചെന്നെെ: കേരള രാഷ്ട്രീയത്തിലെ അതികായൻമാരിലൊരാളും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.68 വയസായിരുന്നു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. രണ്ട് മാസം മുമ്പാണ് ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍ നടക്കും. മൃതദേഹം ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കും. ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. 3ന് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം. അന്നു മാഹി, തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ പാര്‍ട്ടിപതാക താഴ്ത്തിക്കെട്ടി.
ഈ വർഷം കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശേരിയിൽനിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭ അംഗമായിട്ടുണ്ട്. അർബുദ രോഗബാധയെത്തുടർന്ന് 2019 ഒക്ടോബറിൽ അമേരിക്കയിൽ ചികിത്സ തേടിയ അദ്ദേഹം ഈ വർഷം ഏപ്രിൽ 30ന് യു.എസിൽത്തന്നെ തുടർചികിത്സ നടത്തിയിരുന്നു.
2020ൽ ആരോഗ്യകാരണങ്ങളാൽ അവധി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്ഥാന സെകട്ടേറിയറ്റ് അംഗീകരിച്ചതോടെ, ഒരു വർഷത്തേയ്ക്ക് സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ഒഴിഞ്ഞു. നിലവിലെ പി.ബി അംഗം എ.വിജയരാഘവനായിരുന്നു അന്ന് പകരം ചുമതലയേറ്റത്.
2006–11 കാലയളവിൽ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചു.
കണ്ണൂർ കല്ലറ തലായി എൽ.പി സ്കൂൾ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16 നാണ് ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് പ്രീഡിഗ്രിയും ബിരുദപഠനവും പൂർത്തിയാക്കി.
സി.പി.എം നേതാവും തലശേരി മുൻ എം.എൽ.എയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ്.ആർ. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. അഖില, റിനീറ്റ.
കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് തലസ്ഥാനമായ കണ്ണൂർ തട്ടകത്തിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന രാഷ്ട്രീയത്തിലേക്കെത്തുന്നത്. പിന്നീട് കോടിയേരിയുടെ പേരിൽ നാട് അറിയപ്പെട്ടത് ചരിത്രം.
സ്കൂൾ പഠനകാലത്തുതന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഇന്നത്തെ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിച്ച് അതിന്റെ സെക്രട്ടറിയായി.
രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പത്താം ക്ലാസിനുശേഷം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്‌ക്കാതെ ചെന്നൈയിലേക്ക് അയച്ചു. അവിടെയൊരു ചിട്ടിക്കമ്പനിയിൽ രണ്ടു മാസം ജോലി ചെയ്‌തു. തിരിച്ചെത്തിയശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നു. 1970ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവിൽ മാഹി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1970ൽ തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ രൂപീകരണ സമ്മേളനത്തിലും പങ്കെടുത്തു. 1973ൽ കോടിയേരി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. അതേവർഷം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979വരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തുടർന്നു.
ഇതിനിടെ 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം സെന്‍ട്രല്‍ ജയിലില്‍ മിസ തടവുകാരനായി. ജയിലിലായിരിക്കെയാണ് പിണറായി വിജയനുമായി ഉറ്റ സൌഹൃദത്തിലായത്. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1980 മുതല്‍ 1982വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988ൽ ആലപ്പുഴയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയംഗമായി. 1990 മുതൽ 95വരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. ഇത്രയും ചെറിയ പ്രായത്തിൽ മറ്റൊരു ജില്ലാ സെക്രട്ടറി മുൻപോ പിൻപോ ഉണ്ടായിട്ടില്ല.
1995ൽ കൊല്ലത്തു ചേർന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായി. 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം മരണം വരെ പി.ബി അംഗമായി തുടർന്നു. 54-ാം വയസ്സിൽ പൊളിറ്റ് ബ്യൂറോയിലെത്തിയതും മറ്റൊരു റെക്കോർഡ്.
പിണറായി വിജയനു പിന്നാലെ, 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. 2015 ഫെബ്രുവരി 23നാണ് അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയായി ആദ്യം സ്ഥാനമേറ്റത്. 2018ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022ൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലും വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍ സഭാ മെമ്പര്‍ തുടങ്ങിയ നിലകളില്‍ കൃഷിഅനുബന്ധ സംഘടനാരംഗത്തും കോടിയേരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഖാവ് കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങി
അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

kodiyeri balakrishnan