ഗർഭഛിദ്രം സ്ത്രീയുടെ അവകാശം, അവിവാഹിതർക്കും ആകാമെന്ന് സുപ്രീംകോടതി

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിൽ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീംകോടതി

ന്യൂഡൽഹി.
വിവാഹിതരോ അവിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി.മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിൽ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഭർത്താവിന്റെ ലെെംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും വ്യക്തമാക്കി. ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധിന്യായം.
അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ട്. സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടതില്ല. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമം പ്രകാരം ഭർത്താവിൽനിന്ന് സമ്മതമില്ലാതെയുള്ള ലൈംഗികവേഴ്ചയും ബലാത്സംഗമെന്ന രീതിയിൽ കണക്കിലെടുക്കാം. എം.ടി.പി നിയമപ്രകാരം പീഡനത്തിന്റെ ഭാഗമായി കാണാനാകുമെന്നും കോടതി വിശദീകരിച്ചു.
പ്രസവം സംബന്ധിച്ച അവകാശം സ്ത്രീയുടെ സ്വാതന്ത്ര്യത്തിൽ ഉൾപ്പെടും. നിലനിൽപ്പിന് ഭ്രൂണം സ്ത്രീശരീരത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ ആ ശരീരമാണ് ഭ്രൂണം നിലനിർത്തണമോ എന്ന് തീരുമാനിക്കേണ്ടത്. അനാവശ്യമായ ഒരു ഗർഭം മുഴുവൻ കാലത്തേക്കും വഹിക്കണമെന്ന് ഒരു സ്ത്രീയോട് ഭരണകൂടത്തിന് നിർദ്ദേശിക്കാനാവില്ല. അത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാകുമെന്നും കോടതി വ്യക്തമാക്കി.

ഗർഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലയളവിൽ അവിവാഹിതർക്കും എം.ടി.പി പ്രകാരം ഗർഭച്ഛിദ്രം നടത്താമെന്നും കോടതി വ്യക്തമാക്കി. എംടിപി പരിധിയിൽ നിന്ന് അവിവാഹിതരെ ഒഴിവാക്കുന്നത് ലൈംഗിക ബന്ധം വിവാഹിതർക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിനു തുല്യമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

Exit mobile version