ഇറ്റലിയുടെ ചരിത്രം തിരുത്തിക്കുറിച്ച്, ആദ്യ വനിതാ പ്രധാനമന്ത്രിയായി ജിയോർജിയ മെലോനി സ്ഥാനമേറ്റെടുക്കാൻ ഒരുങ്ങുകയാണ്.
പുതിയ നേതൃത്വത്തിന് കീഴിൽ അണിനിരക്കാനൊരുങ്ങുന്ന ഇറ്റലിക്ക് ആശങ്കകളേറെയാണ്. അതിതീവ്ര, വലതുപക്ഷ, ദേശീയവാദിയായ മെലോനിയുടെ കുടിയേറ്റത്തെയും ‘ക്രിസ്ത്യൻ കുടുംബ’ത്തിന്റെ സംരക്ഷണത്തെയും കുറിച്ചുള്ള കടുത്ത വീക്ഷണങ്ങളാണ് ജനാധിപത്യവാദികളെ അസ്വസ്ഥരാക്കുന്നത്. ഇതോടെ മുസ്സോളനിയുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇറ്റലിയിൽ വീണ്ടും ജീവൻ വച്ചിരിക്കുകയാണ്.
“ഞാൻ ജോർജിയ. ഒരു സ്ത്രീയാണ്. ഒരമ്മയാണ്. അതിലുപരി ഞാനൊരു ഇറ്റലിക്കാരിയും ക്രിസ്ത്യാനിയുമാണ്.”-2019ൽ പ്രസംഗത്തിനിടെ ജിയോർജിയ പറഞ്ഞു.
രാജ്യത്തെ താരതമ്യേന ചെറിയ തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ ശക്തയായ നേതാവാണ് ഈ 45കാരി.
2018 ലെ നാല് ശതമാനം പിന്തുണയിൽനിന്ന് 25 ശതമാനം പിന്തുണ നേടുന്നതിലേക്ക് തന്റെ പാർട്ടിയെ നയിക്കാൻ ജിയോജിയയ്ക്കായി.
പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ സ്ഥാനമൊഴിയുന്ന സർക്കാരിനെ പിന്തുണക്കാൻ വിസമ്മതിച്ചുകൊണ്ട് പ്രതിപക്ഷത്ത് ഉറച്ചുനിൽക്കാനുള്ള ജിയോജിയയുടെ തീരുമാനമാണ് ഇത്രയും വലിയ ജനപിന്തുണ നേടിക്കൊടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. വലതുപക്ഷ തീവ്രവാദിയായ മാറ്റെയോ സാൽവിനി, രാഷ്ട്രീയ അതികായൻ സിൽവിയോ ബെർലുസ്‌കോണി എന്നിവരുൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിലപാടുകളിൽ ഉറച്ചുനിന്നതാണ് ജോർജിയയെ വിജയിയാക്കിയത്.എന്നാൽ അവരുടെ വാക്കുകൾ പൗരാവകാശങ്ങൾക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരത്തിൽ തീവ്രവലതുപക്ഷ വീക്ഷണങ്ങൾ കേന്ദ്രീകരിക്കാൻ വഴിയൊരുക്കുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ജോർജിയയുടെ പാർട്ടിയുടെ ഫാസിസ്റ്റ് ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും അലയടിക്കുന്നുണ്ട്.
ദാരിദ്ര്യം നിഴലിട്ട ബാല്യം
1977ലാണ് ജിയോർജിയ ജനിച്ചത്. 15 വയസുള്ളപ്പോൾ മുസോളിനിയുടെ അനുചര വൃന്ദങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്ഥാപിച്ച പാർട്ടിയായ മൊവിമെന്റോ സോഷ്യലി ഇറ്റാലിയാനോയുടെ (എം.എസ്.ഐ) യുവജന വിഭാഗത്തിൽ ചേർന്നു.
വീട്ടിലെ കൊടിയ ദാരിദ്ര്യം കണക്കിലെടുത്ത് കൗമാരപ്രായത്തിൽ മെലോനിയും ജോലിക്ക് പോയിത്തുടങ്ങി. ക്ളബ്ബുകളിലും വീടുകളിൽ കുട്ടികളെ നോക്കിയും ജിയോർജിയ പട്ടിണി അകറ്റാൻ ശ്രമിച്ചു.
വടക്കൻ റോമിലെ ഒരു സമ്പന്നനായ അക്കൗണ്ടന്റായിരുന്നു പിതാവ്. പക്ഷേ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിച്ച പിതാവ് എന്നും അലഞ്ഞു തിരിഞ്ഞു നടന്നു. ഇതോടെ മെലോനി പിതാവുമായി അകന്നു. ഇത് സംബന്ധിച്ച് അവർ ആത്മകഥയിൽ വിശദമായി എഴുതിയിട്ടുണ്ട്.
1995ൽ എം.എസ്.ഐ നാഷണൽ അലയൻസ് എന്ന് പേരുമാറ്റി. ഏതാനും വർഷങ്ങൾക്കുള്ളിൽ, മെലോണി എ.എന്നിന്റെ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി. 29 വയസ്സായപ്പോൾ അവർ പാർലമെന്റിലെത്തി. ഫോർസ ഇറ്റാലിയയുമായി സഖ്യമുണ്ടാക്കിയ എ.എൻ, പിന്നീട് അധികാരം നേടിയ സഖ്യത്തിൽ ലയിച്ചു. 2008ൽ മെലോണിയെ യുവജന വകുപ്പിന്റെ ചുമതലയുള്ള ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പ്രധാനമന്ത്രി ബെർലുസ്‌കോണി നിയമിച്ചു.
ലൈംഗിക, മത ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്ന മെലോനി വേദികളിലൊക്കെ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാറുണ്ട്.
ജിയോർജിയ മെലോനി- ഇറ്റലിയുടെ സിങ്കപ്പെണ്ണ്….
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജിയോർജിയ മെലോനി
