ഉറങ്ങണം.
നന്നായി ഉറങ്ങണം.
കാരണം,
ആ സമയത്താണ്,
നമുക്കും, നമ്മളെ കൊണ്ട് മറ്റുള്ളവർക്കും സ്വസ്ഥത കിട്ടുന്നത്.
എന്താല്ലെ……
വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും. ഉറക്കമില്ലായ്മ കാരണം പലതരം ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. നല്ല ഉറക്കത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേൾഡ് സ്ലീപ് സൊസൈറ്റിമാർച്ചിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച ഉറക്കദിനമായി ആചരിക്കുന്നത്. 2008 മുതൽ ലോക ഉറക്ക ദിനം ആചരിച്ചു വരുന്നു.
ആരോഗ്യമുള്ള ഉറക്കം
ജീവിതത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം നമ്മൾ ഉറങ്ങാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ”അദ്ധ്വാനിക്കുന്നവന്റെ ഉറക്കം മാധുര്യമേറിയതാണ്” എന്നൊരു റഷ്യൻ പഴമൊഴിയുണ്ട്. ഉറക്ക ദൈർഘ്യം അഥവാ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്. പ്രായം, ലിംഗം, ആരോഗ്യ നില എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ച് അത് മാറുന്നു. ആരോഗ്യമുള്ള മുതിർന്ന ഒരു മനുഷ്യന് ശരാശരി 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. കുഞ്ഞുങ്ങളിൽ പ്രായം കുറയുന്നതിന് അനുസരിച്ചു ഉറക്കത്തിന്റെ അളവ് കൂടും.
നല്ല ആരോഗ്യത്തിനു നല്ല ഉറക്കം ആവശ്യമാണ്. ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനങ്ങൾ, രക്തചംക്രമണ വ്യവസ്ഥ, കോശങ്ങളുടെ വളർച്ച തുടങ്ങിയവയ്ക്കൊക്കെ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്.
നല്ലപോലെ പണിയെടുത്താൽ നന്നായി ഉറങ്ങാം
“പകൽ നന്നായി അധ്വനിച്ചാൽ രാത്രി നന്നായി ഉറക്കം വന്നോളും.”, “ഒന്നും ചെയ്യാതെ കുത്തിയിരുന്നിട്ടാണ് ഉറക്കം വരാത്തത്.””ഉറക്കം വരാത്തത് നല്ലതല്ലേ, ഞാനൊക്കെ ഉറക്കം അധികമായിട്ടാണ് ബുദ്ധിമുട്ടുന്നത്.”
ഉറക്കമില്ലായ്മ എന്ന പ്രശ്നം പറഞ്ഞു വരുന്നവരോട് പലപ്പോഴും പൊതുസമൂഹം ഇങ്ങനെ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. ഉറക്കമില്ലായ്മ എന്നത് ഒരു നിസ്സാര പ്രശന്മല്ല. ഉറക്കക്കുറവും ഉറക്ക കൂടുതലും ഒക്കെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം പേരിൽ ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്.
ഉറക്കം ഒട്ടും നിസ്സാരക്കാരനല്ല.
ഉറക്കമില്ലായ്മ ഒരു വ്യക്തിയുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പകൽ ഉറക്കം തൂങ്ങിയ അവസ്ഥ, ക്ഷീണം, രക്തസമ്മർദം കുറയുക എന്നിവയൊക്കെയാണ് ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ. ചിന്തിക്കാനുള്ള കഴിവിനെയും ബൗദ്ധിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ശ്രദ്ധക്കുറവ്, ഓർമക്കുറവ്, ഏകാഗ്രത ഇല്ലായ്മ എന്നിവയിലേക്ക് വഴിയൊരുക്കുന്നു. ഡ്രൈവിങ് പോലെയുള്ള ജോലികൾ ചെയ്യുന്നവരിൽ ഇത് വളരെ വലിയ അപകടങ്ങൾക്കു കാരണമാകുന്നു. ദിവസവും നടക്കുന്ന റോഡപകടങ്ങളിൽ അഞ്ചിൽ ഒന്ന് ഡ്രൈവറുടെ ഉറക്കം കാരണമാണെന്നാണ് കണക്കുകൾ പറയുന്നത്. ഉറക്കമില്ലായ്മ കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത ഇരട്ടിയാകുമെന്നും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്കിനുള്ള സാധ്യത നാലിരട്ടിയാകുമെന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നിദ്രാഭംഗം പ്രശ്നമാണുണ്ണീ…
കൂർക്കം വലി, ഉറക്കത്തിനിടയിൽ ശ്വാസ തടസ്സത്തിനു കാരണമാകുന്ന Obstructive sleep apnea പോലുള്ള സാഹചര്യങ്ങൾ, ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുക, തുടർച്ചയായി ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുക, മാനസിക അസ്വസ്ഥതകൾ, Restless leg syndrome അഥവാ കിടക്കുമ്പോഴുള്ള നിശ്ചലാവസ്ഥയിൽ കാലുകളിൽ വേദന അനുഭവപ്പെടുക, Periodic limb movement disorder – ഉറക്കത്തിൽ കാലുകൾ ചലിപ്പിച്ചു കൊണ്ടിരിക്കാനുള്ള പ്രവണത എന്നിവയാണവ. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശമനുസരിച്ചു പ്രവർത്തിക്കുക. CPAP (Continuous Positive Airway Pressure) പോലുള്ള ഫലപ്രദവും നൂതനവുമായ ചികിത്സാമാർഗങ്ങൾ ഇന്ന് ലഭ്യമാണ്.
നിദ്രാരോഗങ്ങൾ കണ്ടു പിടിക്കാനുള്ള മാർഗമാണ് Polysomnogram. സ്ലീപ് ലാബിൽ ഒരു രാത്രി ഉറക്കത്തിനിടയിലെ ശ്വാസോച്ഛാസം, ഓക്സിജന്റെ അളവ്, കണ്ണിന്റെയും കൈകാലുകളുടെയും ചലനം, ഹൃദയമിടിപ്പ്, തലച്ചോറിലെ സിഗ്നലുകൾ എന്നിവ റെക്കോർഡ് ചെയ്യുന്നു. ഈ വിവരങ്ങൾ അപഗ്രഥിച്ചതിന്റെ അടിസ്ഥാനത്തിൽ രോഗിക്ക് ആവശ്യമായ ചികിത്സ നൽകുന്നു.
അമിതവണ്ണം കുറയ്ക്കുക
മദ്യം, പുകവലി എന്നിവ ഒഴിവാക്കുക
ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കുക
മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുക
ഉറക്ക സംബന്ധിയായ ആരോഗ്യ പ്രശ്നങ്ങൾക്ക് മടി കൂടാതെ വൈദ്യ സഹായം തേടുക
ഉറക്ക ഗുളികകളും മറ്റും ഡോക്ടറുടെ നിർദേശത്തോടെ മാത്രം കഴിക്കുക.
ശ്രദ്ധയോടെയും കരുതലോടെയും ചേർത്ത് പിടിക്കേണ്ട സഹയാത്രികനാണ് ഉറക്കം എന്ന് ഒരിക്കൽക്കൂടി ഓർക്കാനുള്ള അവസരമകട്ടെ ഇന്നത്തെ ദിവസം.