കെ എസ് ആർ ടി സി ജീവനക്കാരുടെ കാടത്തം പാവങ്ങളോട്, വ്യാപക പ്രതിഷേധം

സൗജന്യയാത്രയ്ക്ക് അപേക്ഷ നൽകാനെത്തിയ പിതാവിനെ മകളുടെ മുന്നിൽ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു.

Man and daughter assaulted by KSRTC employees following a spar over concession ticket. Photo: Screengrab/MMTV

തിരുവനന്തപുരം: മകളുടെ സൌജന്യ യാത്രയ്ക്ക് അപേക്ഷ നൽകാനെത്തിയ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച കെ എസ്‌ ആര്‍ ടി സി ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.  ആമച്ചല്‍ സ്വദേശി പ്രേമനാണ് മര്‍ദ്ദനത്തിനിരയായത്. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം.

ഇന്ന് രാവിലെയാണ് പ്രേമൻ മകളുമൊത്ത് സൌജന്യ യാത്രയ്ക്ക് അപേക്ഷിക്കാനായി ഡിപ്പോയില്‍ എത്തിയത്. കണ്‍സെഷന്‍ നല്‍കണമെങ്കില്‍  കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ മൂന്ന് മാസമായി താന്‍ ഇതിനായി നടക്കുകയാണെന്നും കണ്‍സെഷന്‍ നല്‍കണമെന്നും പ്രേമന്‍ ആവശ്യപ്പെട്ടു. പക്ഷെ കണ്‍സെഷന്‍ നല്‍കാന്‍ ജീവനക്കാര്‍ തയാറായില്ല.  തുടർന്ന് കെ എസ്‌ ആര്‍ ടി സിയുടെ ഇപ്പൊഴത്തെ  അവസ്ഥയ്‌ക്ക് കാരണം ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടിയാണെന്ന് പ്രേമന്‍ പറഞ്ഞു. ഇത് ജീവനക്കാരെ പ്രകോപിപ്പിച്ചു. പിന്നാലെ പ്രേമനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മകൾ നോക്കി നിൽക്കെയാണിത്. “കെ എസ് ആർ ടി സിയെ ഉണ്ടാക്കാൻ വന്നേക്കുന്നു’ എന്ന പറഞ്ഞ് പ്രേമനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Father beaten by KSRTC offcials

ഡിപ്പോയിലെ മുറിയിലേക്ക് ഇയാളെ വലിച്ചുകൊണ്ടുപോയാണ്  തല്ലിച്ചതച്ചത്. അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകള്‍ക്കും മാരകമായി അടിയേറ്റു.  തുടര്‍ന്ന് ഇരുവരും  ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പ്രേമന്റെ മൊഴി രേഖപ്പെടുത്തി. ഗാർഡായ സുരേഷ്, ജീവനക്കാരായ മിലൻ, അനിൽകുമാർ, ഷെറീഫ് എന്നിവരാണ് മർദ്ദിച്ചതെന്നു തിരിച്ചറിഞ്ഞു. ഇവർക്കെതിരെ കേസെടുത്തു.

അതേസമയം, കൈയൂക്ക് കാണിക്കേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ഓഫീസ് എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. സംഭവത്തില്‍ എംഡിയോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

Exit mobile version