മുംബയ്: കേരളത്തിൽ ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ അരയും തലയും മുറുക്കി സംസ്ഥാനസർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയതിലെ നെല്ലും പതിരും സംബന്ധിച്ച് ചൂടു പിടിച്ച ചർച്ചകൾ പൊടിക്ക് അടങ്ങുന്നതേയുള്ളൂ.
ഗവർണർ സർക്കാരിനെതിരെ പരസ്യമായി വാർത്താസമ്മേളനം വിളിച്ചത് രാജ്യത്ത് തന്നെ അസാധാരണ നടപടിയെന്ന നിലയ്ക്കാണ് വിലയിരുത്തുന്നത്.
സർക്കാരിനെ ആർക്കുവേണമെങ്കിലും കോടതികയറ്റാവുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ഭരണ നടപടികൾ കണ്ണടച്ച് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ,നിയമ പോരാട്ടത്തിനാണ് വഴി തുറന്നത്.
സർക്കാർ എല്ലാ പരിധിയും ലംഘിക്കുകയാണെന്നും ഭീഷണി തന്റെടുക്കൽ വിലപ്പോവില്ലെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. സർവകലാശാലാ നിയമഭേദഗതി, ലോകായുക്ത ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷവും സർക്കാർ സമ്മർദ്ധത്തിലാക്കി പല കാര്യങ്ങളും ചെയ്യിപ്പിച്ചെന്നും കണ്ണൂർ വി.സിക്ക് പുനർ നിയമനം നൽകിയത് തെറ്റായിപ്പോയെന്നും ഗവർണർ ഏറ്റുപറഞ്ഞു. തന്റെ നാട്ടുകാരനാണെന്ന ശുപാർശയോടെ, കണ്ണൂർ വി.സിയെ പുനർനിയമിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തെളിവെന്നോണം 11 കത്തുകൾ പുറത്തുവിട്ടു. കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ നടന്ന ആക്രമണ ശ്രമത്തിന്റെ വീഡിയോയും ഒന്നേ മുക്കാൽ മണിക്കൂറോളം നീണ്ട വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.
എന്നാൽ ഗവർണർ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം.
കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനും ആർ.എസ്.എസ് വിധേയനുമാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ഭരണഘടനാ പദവിയിലിരുന്ന് ഇത്രയും തരംതാഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചു.
പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും കേന്ദ്ര രാഷ്ട്രീയ നേതാക്കളും കേരളത്തിലെ സർക്കാർ വേഴ്സസ് ഗവർണർ പോരിലേക്ക് ശ്രദ്ധതിരിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങളാൽ സംസ്ഥാനരാഷ്ട്രീയം ചൂടുപിടിച്ചു.
കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുകയാണ്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനും ചാൻസലർ പദവിയിൽ നിന്ന് നീക്കം ചെയ്യാനുമുള്ള ഈ സംസ്ഥാന സർക്കാരുകളുടെ നീക്കം ഇപ്പോഴും ത്രിശങ്കുവിലാണ്. കാരണം നിയമസഭ പാസാക്കിയ ഈ ബില്ലുകൾ നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണമെന്നതാണ് വൈപരീത്യം.

തമിഴ്‌നാട് ലഹള
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഗവർണർ ആർ.എൻ. രവിയും തമ്മിലുള്ള പോര് തുടർക്കഥയായപ്പോൾ, ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി കഴിഞ്ഞ ഏപ്രിലിൽ നിയമസഭ പാസാക്കി. സർക്കാരിന് നേരിട്ട് വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം നൽകുന്ന ബില്ലാണിത്. പക്ഷേ, മാസങ്ങൾ പിന്നിട്ടിട്ടും ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. അതിനിടെ, വിവിധ സർവകലാശാലകളിൽ ഗവർണർ വി.സിമാരെ നിയമിച്ചതിനെ ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ കൊമ്പു കോർത്തിരുന്നു.

മഹാരാഷ്ട്ര സർക്കാരും കോഷിയാരിയും
കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്ര നിയമസഭ ചാൻസലറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്‌സിറ്റീസ് ഭേദഗതി ചട്ടം പാസാക്കിയിരുന്നു. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ നോമിനിയെ സർക്കാർ തീരുമാനിക്കുമെന്നതായിരുന്നു പ്രധാന ഭേദഗതി. മഹാരാഷ്ട്ര അസംബ്ലിയുടെ ഇരുസഭകളും പാസാക്കിയ ബിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി ഒപ്പിട്ടില്ല. ആറുമാസം രാജ്ഭവനിൽ പിടിച്ചുവച്ച ബിൽ ഇപ്പോൾ ഉപദേശം തേടി രാഷ്ട്രപതിക്ക് മുന്നിലാണുള്ളത്.

മമതയ്ക്കെതിരെ ഗവർണർ
ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണറായിരുന്ന ജഗ്ദീപ് ധൻകറും തമ്മിലുള്ള പോരാണ് ‘പശ്ചിമ ബംഗാൾ സർവകലാശാല ചട്ട ഭേദഗതി ബിൽ’ നിയമസഭ പാസാക്കാൻ കാരണം. എന്നാൽ ബില്ലിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല. വിശദീകരണം തേടി സർക്കാരിന് തന്നെ തിരിച്ചയച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. മണിപ്പൂർ ഗവർണർ ലാ ഗണേശൻ അയ്യർക്കാണ് ബംഗാൾ ഗവർണറുടെ താത്കാലിക ചുമതല.

രാജസ്ഥാനിലെ പോര്
രാജസ്ഥാനിലും ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയെങ്കിലും പ്രായോഗികമായിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ സഭ പാസാക്കിയാലും രാജ്ഭവൻ പാസാക്കാനിടയില്ല.
Discussion about this post