ഒരു കുറ്റവും ചെയ്യാതെ അഞ്ചു വെടിയുണ്ടകൾ ഏറ്റുവാങ്ങുന്ന നിരപരാധിയെ കാണണമെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ട് കാത്ത് നിൽക്കുന്ന ഗോളിയെ നോക്കിയാൽ മതി. പോസ്റ്റിന്റെ എതെങ്കിലും സൈഡിലേക്ക് ഡൈവ് ചെയ്ത് ഭാഗ്യപരീക്ഷണം നടത്താൻ തയ്യാറായി അക്ഷമനായി നില്ക്കുന്ന ഏകാന്തനായ ഗോൾകീപ്പർ. അയാൾ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? 120 മിനിറ്റുകളിലും അധിക ഗോൾ വഴങ്ങാതെ തന്റെ ടീമിനെ മത്സരത്തിൽ പിടിച്ചു നിറുത്തിയെന്നതാണ്. പെനാൽറ്റി ഷൂട്ടൗട്ട് നടക്കുന്ന ആ പന്ത്രണ്ടുവാരകൾ ഫുട്‌ബോൾ കളിക്കാരന്റെ മനസിൽ വിജയോന്മാദത്തിന്റെയും ദുരന്തത്തിന്റെയും കണ്ണീരിന്റെയും ഉറവ പൊട്ടിക്കും.
1994 ലോകകപ്പ് ഫൈനലിൽ ബാജിയോ, 2017ലെ കോപ്പ ഫൈനലിൽ ലയണൽ മെസി, 1986 ലോകകപ്പിൽ സീക്കോ, 2004 ലെ യൂറോകപ്പിൽ ബെക്കാം ഇവരെല്ലാം നഷ്ടമാക്കിയ പെനാൽറ്റികൾക്ക് ഒരു കിരീട നഷ്ടത്തിന്റെ കഥകൾ കൂടിയാണ് പറയാനുള്ളത്.
പെനാൽറ്റി കിക്ക് കാത്തു നിൽക്കുന്ന ഗോളിയുടെ ഏകാന്തതയിലേക്ക് നമുക്ക് തിരിച്ചു വരാം. ഗോളിക്കാണോ കിക്ക് എടുക്കാൻ വരുന്ന കളിക്കാരനാണോ കൂടുതൽ ഏകാന്തത?…… കളിക്കാരന് എന്ന് ഞാൻ പറയും. ഗോളിക്ക് ഒന്നും നഷ്ടപ്പെടാനില്ല. കിക്ക് ഗോളായാൽ അത് സാധാരണ കാര്യം, ആർക്കും ചെയ്യാവുന്നത്. കിക്ക് തടുത്താൽ ഗോളി ഹീറോയാകുകയും ചെയ്യും. കളിക്കാരൻ ഗോളടിച്ചാൽ അത് സാധാരണ കാര്യം, കിക്ക് ഗോളി തടുത്താലോ പുറത്തേക്ക് അടിച്ചാലോ കിക്ക് എടുത്തവൻ ഒരു നിമിഷം കൊണ്ട് വില്ലനാകും. ഇവിടെ നഷ്ടപ്പെടാനുള്ളത് മുഴുവൻ അടിക്കുന്നവനാണ്.
ലോകം മുഴുവൻ നോക്കി നിൽക്കുമ്പോൾ, തന്റെ ടീം അംഗങ്ങളെ വിട്ട് പെനാൽറ്റി സ്‌പോട്ടിലേക്ക് തുടികൊട്ടുന്ന ഹൃദയത്തോടെ, ഏകാന്തനായി നടക്കുന്ന ആ കളിക്കാരന്റെ മനസിലെന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരേയൊരു പിഴവ്, ഒരു നിമിഷത്തെ നിർഭാഗ്യം, ഇനിയുള്ള ജീവിതം മുഴുവൻ വേട്ടയാടും എന്നറിയുമ്പോൾ? ഇതൊരു ദുർവിധിയാണ്. അടിച്ചതിനേക്കാൾ നേടിയതിനേക്കാൾ, നഷ്ടപ്പെട്ടതിനെ മാത്രം ഓർമിപ്പിക്കുന്ന വിലക്ഷണമായ ഒരിടമാണ് പെനാൽറ്റി സ്‌പോട്ട്.
1994 അമേരിക്കൻ ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ റോബർട്ടോ ബാജിയോ ദുരന്ത നായകനായതും ഒരു പെനാൽറ്റി നഷ്ടം കൊണ്ടാണ്. ഇറ്റലിയെ ഏറെക്കുറെ ഒറ്റയ്ക്ക് തോളിലേറ്റി അദ്ദേഹം ഫൈനലിൽ എത്തിച്ചു. പരിക്കേറ്റ കാലുമായി ഫൈനൽ കളിച്ച ബാജിയോ. പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിക്ക് പുറത്തേക്കടിച്ചു. വിജയവും കിരീടവും കൈവിട്ടു. തല താഴ്ത്തി അയാൾ സ്റ്റേഡിയം വിട്ടപ്പോൾ ബ്രസീൽ അവിടെ വിജയോന്മാദത്തിലായിരുന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തിലുടനീളം ആ പെനാൽറ്റി നഷ്ടം വേട്ടയാടിക്കൊണ്ടിരുന്നു. ആ ഒറ്റ നിമിഷത്തെ ഒന്നു മായ്ച്ചു കളയുവാൻ ഒരുപാട് ആഗ്രഹിക്കുന്നുവെന്ന് ബാജിയോ പിന്നീട് എഴുതിയിട്ടുണ്ട്.
അതിജീവനത്തിന്റെ നേർയുദ്ധം
ഒരു ടൂർണമെന്റിലെ മത്സരങ്ങൾ നോക്കൗട്ട് ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ഓരോ ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടിന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ പോരടിക്കുക. അവിടെ പെനാൽറ്റി തടയുന്ന ഗോൾകീപ്പർ നായകനും പെനാൽറ്റി നഷ്ടപ്പെടുത്തുന്നവൻ ദുരന്ത നായകനുമാവുന്നു. ഷൂട്ടൗട്ടുകൾ എന്നും അങ്ങനെയാണ്. വില്ലനും നായകനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയുള്ള ഒരു അപകടം നിറഞ്ഞ യാത്ര. അങ്ങിനെ് ക്രോസ് ബാറിന് കീഴിൽ ചിലന്തി വല തീർത്ത് നായകനായ നിരവധി ഗോളിമാരും ചരിത്രത്തിലുണ്ട്. ചിലിയുടെ ക്ലോഡിയോ ബ്രാവോ, പ്രായം വെറും അക്കങ്ങളാണ് എന്ന് പറഞ്ഞ് പന്തുക്കളെ തടഞ്ഞിട്ട ഇറ്റലിയുടെ ബഫൺ, ബ്രസീലിന്റെ ഇതിഹാസങ്ങളായ ടഫ്‌റേൽ, ജൂലിയസ് സീസർ, ജർമ്മനിയുടെ ഒലിവർ ഖാൻ, ജെൻസ് ലെമാൻ സ്‌പെയനിന്റെ ഐകർ കാസിയസ് എന്നിവർ ഇന്നും നിത്യഹരിത നായകന്മാരാണ്. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തതയെ വാഴ്ത്തിപ്പാടിയ എൻ.എസ്. മാധവന്റെ ഹിഗ്വിറ്റയൊക്കെ പഴങ്കഥ. ഇത് ഗോൾകീപ്പർമാരുടെ യുഗം. ആത്മവിശ്വാസത്തിന്റെ ആൾ രൂപമായി വരുന്ന ഗോൾ കീപ്പർമാർ. ഗോൾകീപ്പർ സൂപ്പർ നായകനാവുന്ന ആധുനിക ഫുട്‌ബോളിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് ഇവർ.
പെനാൽട്ടി ഷൂട്ടൗട്ട് ചരിത്രം
ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ട് പ്രാബല്യത്തിൽ വന്ന ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു കൊണ്ടാണ് ജർമ്മനിയുടെ പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയഗാഥ തുടങ്ങുന്നത്. 1982 ലെ സ്‌പെയിൻ ലോകകപ്പ് സെമിയിലാണ് ഷൂട്ടൗട്ട് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അന്നു ഫ്രാൻസിനെ ജർമ്മനി തകർത്തു.പിന്നീട് 1990 ലെ ഇറ്റാലിയൻ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയും ഷൂട്ടൗട്ട് വിജയം ജർമ്മനി നേടി. ഇതു കൂടാതെ 1996ലെ യൂറോ കപ്പ് ചാമ്പ്യൻഷിപ്പിലും ജർമ്മനിയോട് ഷൂട്ടൗട്ട് തോൽവി ഏറ്റുവാങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. ഷൂട്ടൗട്ടുകൾ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് ഒരു ജർമ്മൻകാരന്റെ പേരിലാണെന്നതും യാദൃച്ഛികം. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് സ്വദേശിയും ഫുട്‌ബോൾ റഫറിയുമായ കാൾ വാൽഡാണ് പെനൽറ്റി ഷൂട്ടൗട്ട് എന്ന ആശയം മുന്നോട്ടു വച്ചത്.
അതുവരെ മത്സരം ടൈ ആയാൽ ടോസ് ഇട്ടുള്ള ഭാഗ്യപരീക്ഷണമാണു സ്വീകരിച്ചിരുന്നത്. വാൽഡ് 1970 ൽ ഷൂട്ടൗട്ട് ആശയം മുന്നോട്ടു വയ്ക്കുമ്പോൾ ഫുട്‌ബോൾ അസോസിയേഷന്റെ ഭാഗത്തു നിന്ന് ശുഭസൂചന ലഭിച്ചിരുന്നില്ല. ഒടുവിൽ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ ആശയത്തിനു പച്ചക്കൊടി കാണിച്ച ശേഷമാണ് ജർമൻ ഫുട്‌ബോൾ അസോസിയേഷൻ ഷൂട്ടൗട്ടുകൾ മത്സരങ്ങളിൽ ഏർപ്പെടുത്തിത്തുടങ്ങി. പിന്നീട് യുവേഫയും ഷൂട്ടൗട്ടുകൾ ഔദ്യോഗികമായി സ്വീകരിച്ചു. ഒടുവിൽ 1976 ലാണ് ഫിഫ പെനൽറ്റി ഷൂട്ടൗട്ടുകൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയത്.1976 ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ജർമനി ചെക്കോസ്ലൊവാക്യ മത്സരമാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ വിധിനിർണയിക്കപ്പെട്ട ആദ്യത്തെ അന്താരാഷ്ട്ര മത്സരം. എന്നാൽ അന്ന് ചെക്കൊസ്ലൊവാക്യയോട് ജർമ്മനി പരാജയപ്പെട്ടു.